ന്യൂഡൽഹി: ഉത്തർപ്രദേശിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ തിരികെ ആവശ്യമുള്ള സംസ്ഥാനങ്ങൾ, സർക്കാരിനോട് അനുമതി തേടണമെന്നും അവരുടെ അവകാശങ്ങൾ ഉറപ്പാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ കുടിയേറ്റ തൊഴിലാളികളെ വിവിധ സംസ്ഥാനങ്ങൾ ശരിയായി പരിപാലിച്ചില്ലെന്ന ആശങ്കയും ആദിത്യനാഥ് പ്രകടിപ്പിച്ചു. ഈ തൊഴിലാളികൾ ഞങ്ങളുടെ ഏറ്റവും വലിയ സമ്പത്താണ്. അവർക്ക് ഉത്തർപ്രദേശിൽ തൊഴിൽ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങൾ പരിശോധിക്കാനും ചൂഷണം തടയാനും നിർദേശിച്ചിട്ടുണ്ടെന്നും അവർക്ക് സാമൂഹിക-സാമ്പത്തിക-നിയമപരമായ പിന്തുണ ഉറപ്പാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ ശ്രമഫലമായി ഇതുവരെ 23 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികൾ ഉത്തർപ്രദേശിലേക്ക് മടങ്ങി. മുംബൈയിൽ നിന്നും ഡൽഹിയിൽ നിന്നും മടങ്ങിയെത്തിയവരിൽ ഭൂരിഭാഗം പേർക്കും കൊവിഡ് -19 സ്ഥിരീകരിച്ചു. അവർക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ അവരെ ക്വാറന്‍റൈൻ കേന്ദ്രങ്ങളിൽ പാർപ്പിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.
അടുത്ത ആഴ്ചയോടെ, മടങ്ങിവരാൻ ആഗ്രഹിക്കുന്ന എല്ലാ കുടിയേറ്റ തൊഴിലാളികളും സംസ്ഥാനത്ത് എത്തുമെന്നും അവരുടെ സ്‌ക്രീനിങ്ങും യാത്രയ്ക്കുമുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്തതിന് ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചു. കേന്ദ്രം സമയബന്ധിതമായി എടുക്കുന്ന തീരുമാനങ്ങൾ മൂലം ഇന്ത്യ സുരക്ഷിത സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിചേർത്തു.