ന്യൂഡൽഹി: ലോക്ക് ഡൗൺ കാലയളവില്‍ വിമാന ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് മുഴുവൻ തുകയും തിരികെ നല്‍കണമെന്ന് സുപ്രീംകോടതി വിധിയുണ്ടായാല്‍ വിമാനക്കമ്പനികൾ പ്രതിസന്ധിയിലാകുമെന്ന് വ്യോമയാന കണ്‍സള്‍ട്ടിങ് സംരംഭമായ സെന്‍റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്‍ (സിഎപിഎ). വിമാനക്കമ്പനികൾക്ക് ആകെ 500 മില്യൺ ഡോളര്‍ റീഫണ്ട് ചെയ്യപ്പെടേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ആഭ്യന്തര ബുക്കിങിനായി 300 മില്യൺ ഡോളറും അന്താരാഷ്ട്ര യാത്രകളുടെ റീഫണ്ടുകൾക്കായി 200 മില്യൺ ഡോളറും വേണ്ടി വരുമെന്ന് സിഎപിഎ വ്യക്തമാക്കി.
ലോക്ക് ഡൗൺ സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്‌തിരുന്നവര്‍ക്ക് മുഴുവൻ പണവും തിരികെ നൽകണമെന്ന് വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികളോട് നിര്‍ദേശിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഏപ്രിൽ 27ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നോട്ടീസ് നൽകിയിരുന്നു. അതേസമയം വിമാനക്കമ്പനികൾ തുക റീഫണ്ട് ചെയ്യാൻ തീരുമാനിച്ചിട്ടില്ല.
മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് റദ്ദാക്കൽ ചാർജുകൾ ഈടാക്കാതെ വിമാനക്കമ്പനികൾ മുഴുവൻ തുകയും തിരികെ നൽകണമെന്നാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം ഉത്തരവിട്ടിരുന്നത്. വിമാന സര്‍വീസ് പുനരാരംഭിക്കുമ്പോൾ നടുവിലത്തെ സീറ്റുകളും കൊവിഡ് ലക്ഷണങ്ങളുള്ള യാത്രക്കാര്‍ക്കായി ഉപയോഗിക്കാൻ അവസാന മൂന്ന് വരി സീറ്റുകളും ഒഴിച്ചിടണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയുടെ (ബിസിഎഎസ്) നിര്‍ദേശം. എന്നാല്‍ ഇത് ആഭ്യന്തര വിമാന സര്‍വീസുകളെ സാമ്പത്തികമായി നഷ്‌ടത്തിലേക്ക് കൊണ്ടുപോകും.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇൻഡിഗോ ഒഴികെയുള്ള വിമാനക്കമ്പനികൾക്ക് കുറഞ്ഞത് 2.5 ബില്യൺ ഡോളർ നഷ്‌ടമാണുണ്ടാവുക. മറ്റ് ഇന്ത്യൻ വിമാനക്കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇൻഡിഗോക്ക് കരുതൽ ശേഖരത്തിൽ മികച്ച സ്ഥാനമുണ്ട്. എന്നിരുന്നാലും ദീർഘകാല പ്രതിസന്ധി ഉണ്ടായാൽ ഇൻഡിഗോയെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് സിഎപിഎ വ്യക്തമാക്കി.