ലക്നൗ: ലോക്ക് ഡൗണ്‍ കാലയളവിൽ ഇന്ത്യയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചിരിക്കുകയാണ്. ലക്‌നൗ അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ അഭയ് കുമാർ മിശ്രയെ അടുത്തിടെ ഫേസ്ബുക്കിൽ തട്ടിപ്പുകാർ ലക്ഷ്യമിട്ടിരുന്നു. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച ശേഷം, സൈബർ കുറ്റവാളികൾ അദ്ദേഹത്തിന്‍റെ ഏതാനും സുഹൃത്തുക്കളോട് അടിയന്തരമായി 5000 രൂപ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫേസ്ബുക്കിൽ സന്ദേശമയച്ചു.
മിശ്രയുടെ ഒരു സുഹൃത്ത് അദ്ദേഹത്തെ വിശദീകരണത്തിനായി ബന്ധപ്പെടുകയും സംഭവത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തപ്പോഴാണ് കേസ് പുറത്തായത്. അതിനുശേഷം അഭയ് കുമാർ മിശ്ര കേസ് ലക്‌നൗവിലെ സൈബർ ക്രൈം സെല്ലിന് റിപ്പോർട്ട് നൽകി. ഇത്തരം പന്ത്രണ്ടോളം വ്യാജ അക്കൗണ്ടുകൾ സൈബർ ക്രൈം സെല്ലിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഇന്‍റർനെറ്റ് ഉപഭോക്താക്കൾ കൂടുതൽ ബോധവാന്മാരാകുകയാണെങ്കിൽ ഇത്തരം കുറ്റകൃത്യങ്ങൾ ഒഴിവാക്കാമെന്ന് അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണർ (സൈബർ ക്രൈം) വിവേക് രഞ്ജൻ റായ് പറഞ്ഞു. “ഇത്തരം സൈബർ കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ പൊലീസ് ഒരു ബോധവൽക്കരണ പരിപാടി ആരംഭിക്കുകയും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കായി ചില മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു,” റായ് ഇടിവി ഭാരതിനോട് പറഞ്ഞു.
തട്ടിപ്പുകാർ ഡൗൺലോഡ് ചെയ്യുന്നതും ഉപയോഗിക്കുന്നതും തടയാൻ സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രൊഫൈൽ ചിത്രങ്ങൾ ലോക്ക് ചെയ്യണമെന്നും, ഫേസ്ബുക്കില്‍ തങ്ങളുടെ ഫ്രണ്ട്സ് ലിസ്‌റ്റ് മറച്ചുവയ്‌ക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്താണ് ഐഡന്‍റിറ്റി ക്ലോണിങ്
സാമ്പത്തിക തട്ടിപ്പ് നടത്താന്‍ സൈബർ കുറ്റവാളികൾ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന ഒരു രീതിയാണിത്. മാല്‍വെയര്‍ ഇൻസ്റ്റാലേഷൻ വഴി വ്യക്തിഗത വിവരങ്ങൾ മോഷ്ടിക്കപ്പെടുന്നു. ഇത് ഉപയോഗിച്ച് തട്ടിപ്പുകാര്‍ നിങ്ങളുടെ പേരില്‍ വായ്പകൾ നേടുന്നതിനോ നിങ്ങളുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകള്‍ ഉപയോഗിക്കുന്നതിനോ വഴിവച്ചേക്കാം. സ്ത്രീകളുടെ ചിത്രങ്ങളും ഫോൺ നമ്പറുകളും അശ്ലീല സൈറ്റുകളിൽ പോസ്റ്റ് ചെയ്ത സംഭവങ്ങളും നിരവധിയാണ്. വ്യാവസായിക ചാരവൃത്തി നടത്തുന്നതിന് വൻകിട സംഘടനകളുടെ സോഷ്യൽ മീഡിയ ഐഡന്‍റിറ്റികളും മോഷ്ടിക്കപ്പെടുന്നു.
ഐഡന്‍റിറ്റി ക്ലോണിങ്ങിനെതിരായുള്ള നടപടികൾ
എന്തൊക്കെ ചെയ്യാം
- വ്യക്തിഗത വിവരങ്ങൾ അടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപേക്ഷിക്കുന്നതിന് മുമ്പ് എല്ലാ ഡിജിറ്റൽ വിവരങ്ങളും നശിപ്പിക്കുക.
- നിങ്ങളുടെ കമ്പ്യൂട്ടറിൽ ഫയർവാളുകളും സംരക്ഷണ സോഫ്റ്റ്‌വെയറുകളും ഇൻസ്റ്റാൾ ചെയ്യുക.
- നിങ്ങളുടെ ക്രെഡിറ്റ്, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പതിവായി പരിശോധിക്കുക.
എന്തൊക്കെ ചെയ്യാന്‍ പാടില്ല
- അപരിചിതരെ നിങ്ങളുടെ കമ്പ്യൂട്ടറോ ലാപ്ടോപ്പോ ഉപയോഗിക്കാന്‍ അനുവദിക്കരുത്.
- നിങ്ങളുടെ ഫോണുകളിൽ പാസ്‌വേഡുകളോ വ്യക്തിഗത വിവരങ്ങളോ സൂക്ഷിക്കരുത്.
- സംശയാസ്‌പദമായ ഇമെയിലുകളിൽ നിന്നുള്ള അറ്റാച്ചുമെന്‍റുകൾ ഡൗൺലോഡ് ചെയ്യരുത്.
- വെബ്‌സൈറ്റുകളിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകരുത്.
- നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൊതുവീക്ഷണത്തിനായി നല്‍കാതിരിക്കുക.
വിദഗ്ധർ എന്താണ് പറയുന്നത്?
(സൈബർ കുറ്റകൃത്യ വിദഗ്ധൻ സച്ചിൻ ഗുപ്തയുടെ അഭിപ്രായം)
- ക്ലോസ്‌ഡ് ഗ്രൂപ്പുകളിൽ മാത്രം ചിത്രങള്‍ പങ്കിടുക.
- കമ്പ്യൂട്ടറിൽ എല്ലായ്പ്പോഴും സോഫ്റ്റ്‌വെയര്‍ സുരക്ഷാ അപ്‌ഡേറ്റുകൾ ഉറപ്പുവരുത്തുക.
- മിക്ക കേസുകളിലും ഇരകൾ കുറ്റവാളികൾക്ക് നേരിട്ടു അറിയാവുന്ന ആളുകള്‍ ആയിരിക്കും.
- ഐഡി കാർഡുകളുടെ ഡിജിറ്റൽ പകർപ്പുകൾ സൂക്ഷിക്കുന്നത് ഒഴിവാക്കുക.