മുംബൈ: മുതിർന്ന പൗരന്മാർക്ക് കൂടുതല്‍ പലിശ നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതിയുമായി ഐസിഐസിഐ ബാങ്ക്. 0.80 ശതമാനം പലിശയാണ് വർദ്ധിപ്പിത്. നേരത്തെ മുതിർന്ന പൗരന്മാർക്ക് ബാങ്കുകൾ 0.50 ശതമാനം അധിക പലിശ നൽകിയിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പലിശനിരക്ക് തുടര്‍ച്ചയായി കുറയുന്ന സാഹചര്യത്തില്‍ ആദായ നഷ്‌ടത്തില്‍നിന്ന് മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എസ്‌ബിഐയും എച്ച്ഡിഎഫ്‌സിയും നേരത്തെ മുതിര്‍ന്ന പൗരന്മാര്‍ക്കായി കൂടുതല്‍ പലിശ നല്‍കുന്ന സ്ഥിര നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ചിരുന്നു.
അഞ്ചുവര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപത്തിനാണ് പദ്ധതി പ്രകാരം കൂടുതല്‍ പലിശ ലഭിക്കുക. മുതിർന്ന പൗരന്മാരുടെ രണ്ട് കോടി രൂപയിൽ താഴെയുള്ള നിക്ഷേപത്തിന് പ്രതിവർഷം 6.55 ശതമാനം പലിശ കൂടുതല്‍ ലഭിക്കുമെന്ന് ഐസിഐസിഐ ബാങ്ക് പ്രസ്‌താവനയിൽ പറഞ്ഞു. പുതിയ നിക്ഷേപ പദ്ധതിക്ക് 2020 സെപ്റ്റംബർ 30 വരെയാണ് കാലാവധി.
മുതിർന്ന പൗരന്മാരിൽ വലിയൊരു വിഭാഗത്തിനും സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ ഒരു പ്രധാന വരുമാന മാർഗമാണെന്ന് ഞങ്ങൾക്കറിയാം. ഇത് മനസിൽ വച്ചുകൊണ്ടാണ് പുതിയ സ്‌കീമിലൂടെ ഞങ്ങൾ അവർക്ക് ഉയർന്ന പലിശനിരക്ക് വാഗ്‌ദാനം ചെയ്യുന്നത്. മുതിർന്ന പൗരന്മാരോടുള്ള ബഹുമാനത്തിന്‍റെ അടയാളമാണിതെന്നും ഐസിഐസിഐ മേധാവി പ്രണവ് മിശ്ര പറഞ്ഞു.