ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന പുതുതായി വാങ്ങിയ റാഫേൽ യുദ്ധവിമാനങ്ങൾ ഔദ്യോഗികമായി ഹരിയാനയിലെ അംബാല വ്യോമതാവളത്തിന് കൈമാറും. 'ഗോൾഡൻ ആരോസ്' എന്നറിയപ്പെടുന്ന വ്യോമസേനയുടെ 17 സ്ക്വാഡ്രണിന്‍റെ ഭാഗമായിരിക്കും റാഫേൽ യുദ്ധ വിമാനങ്ങൾ.
റാഫേൽ യുദ്ധവിമാനങ്ങളെ ഔദ്യോഗികമായി വ്യോമസേനക്ക് നൽകുന്ന പരിപാടിയിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ലോറൻസ് പാർലി, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, എയർ ചീഫ് മാർഷൽ ആർകെഎസ് ഭദൗരിയ, പ്രതിരോധ സെക്രട്ടറി അജയ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
റാഫേൽ വിമാനത്തിന്‍റെ അനാച്ഛാദനം,'ധർമ്മ പൂജ', റാഫേൽ, തേജസ് വിമാനങ്ങളുടെയും സാരംഗ് എയറോബാറ്റിക് ടീമിന്‍റെയും എയർ ഡിസ്പ്ലേ എന്നിവയും നടക്കുമെന്ന് വ്യോമസേന വക്താവ് പറഞ്ഞു.
ജൂലൈ 27 നാണ് അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തിയത്. യുദ്ധവിമാനം ഇതിനകം ലഡാക്ക് മേഖലയിലൂടെ പറന്നു. രാജ്യം ഒപ്പുവച്ച 60,000 കോടി രൂപയുടെ ഏറ്റവും വലിയ പ്രതിരോധ കരാരാണ് റാഫേൽ.