പെരിയാറിനെതിരെയുള്ള പരാമർശത്തിൽ ക്ഷമ ചോദിക്കില്ലെന്ന് രജനീകാന്ത്. താൻ പറഞ്ഞത് സത്യമാണെന്നും അതിനാൽ തന്നെ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു. തമിഴ് മാഗസിൻ തുഗ്ലക്കിന്‍റെ അമ്പതാം വാർഷിക പരിപാടിയിൽ ദ്രാവിഡർ കഴകത്തിന്‍റെ പ്രവർത്തകൻ പെരിയാർ ഇ.വി രാമസ്വാമിയെക്കുറിച്ച് രജനീകാന്ത് നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. 1971ൽ സേലത്ത് നടന്ന അന്ധവിശ്വാസങ്ങൾക്ക് എതിരായി സാമൂഹ്യ പരിഷ്‌കർത്താവ് പെരിയാർ നടത്തിയ പോരാട്ടങ്ങളെക്കുറിച്ചാണ് സൂപ്പർസ്റ്റാർ പറഞ്ഞത്. അന്ന് നടന്ന റാലിയിൽ ശ്രീരാമന്‍റെയും സീതയുടെയും നഗ്നചിത്രങ്ങളിൽ ചെരുപ്പ് മാലയണിയിച്ചുവെന്ന് രജനീകാന്ത് പറഞ്ഞതാണ് വിവാദമായത്.
പെരിയാറിനെ അപമാനിച്ചുവെന്ന പേരിൽ ദ്രാവിഡർ കഴകത്തിലെ അംഗങ്ങൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. രജനാകാന്ത് മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം ദർബാറിന്‍റെ പ്രദർശനം മുടക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. താരത്തിന്‍റെ വീട്ടിന് മുമ്പിൽ പ്രതിഷേധം നടത്തുമെന്നും പരാതിക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ് പോസ് ഗാര്‍ഡനിൽ രജനീകാന്ത് മാധ്യമങ്ങളെ കാണുകയും താൻ പറഞ്ഞത് സത്യമാണെന്ന് പറയുകയും ചെയ്‌തത്.