ന്യൂഡല്‍ഹി: ഹിന്ദി ഭാഷ വിവാദത്തില്‍ വിശദീകരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ഒരിക്കലും നിര്‍ദേശിച്ചിട്ടില്ലെന്നും മാതൃഭാഷക്കൊപ്പം രണ്ടാം ഭാഷയായി ഹിന്ദി പഠിക്കണമെന്നാണ് ഉദ്ദേശിച്ചതെന്നും അമിത് ഷാ പറഞ്ഞു. താനും ഹിന്ദി ഇതര സംസ്ഥാനമായ ഗുജറാത്ത് സ്വദേശിയാണ്. ഏത് വിഷയത്തിലും രാഷ്ട്രീയം കാണുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഹിന്ദി ദിനാചരണ പരിപാടിയിലെ 'ഒരു രാജ്യം ഒരു ഭാഷ' പരാമര്‍ശത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അമിത് ഷായുടെ വിശദീകരണം.
പരാമര്‍ശത്തിനെതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. രാജ്യത്തിന് ഒരു പൊതുഭാഷ വേണമെന്നും ഭൂരിപക്ഷം സംസാരിക്കുന്ന ഭാഷയായ ഹിന്ദിക്ക് രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇരു പരാമര്‍ശങ്ങള്‍ക്കും എതിരെ ബിജെപി സഖ്യകക്ഷികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയതും ശ്രദ്ധേയമായി. അണ്ണാ ഡി.എം.കെയും പി.എം.കെയും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.