ന്യൂഡൽഹി: ടെലിവിഷൻ റേറ്റിങ്ങ് പോയിന്‍റ് നോക്കിയുള്ള മാധ്യമപ്രവർത്തനത്തെ വിമർശിച്ച് കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ. മാധ്യമ വ്യവസായത്തിന് സ്വയം നിയന്ത്രണം ഏർപ്പെടുത്താൻ ഒരു വഴി കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നു. പക്ഷേ മാധ്യമങ്ങൾ ടിആർപികളെ പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. ടിആർപിയുടെ സമ്മർദ്ദം ഉത്തരവാദിത്തമുള്ള പത്രപ്രവർത്തനത്തെ ബാധിക്കരുതെന്നും ജാവദേക്കർ അഭിപ്രായപ്പെട്ടു.
നിലവിൽ ടെലിവിഷൻ റേറ്റിംഗുകൾ നിരീക്ഷിക്കുന്ന ഏജൻസിയായ ബാർക്ക് നിലവിൽ വന്നപ്പോൾ, സ്വയം നിയന്ത്രണത്തിന് വഴിയൊരുക്കുമെന്ന് കരുതിയാണ് ഈ നടപടിയെ സ്വാഗതം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇപ്പോൾ ഇത് സൃഷ്ടിച്ചവർ തന്നെ വന്ന് അതിനെക്കുറിച്ച് പരാതിപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനപ്രീതി നിർണയിക്കുന്ന ഒരു സംവിധാനവും "പ്രകോപനപരമായ വാർത്തകൾ" കാണിക്കാൻ നിർബന്ധിതരാകുന്ന സംവിധാനവും തമ്മിൽ വ്യത്യാസമുണ്ട്. 'യെല്ലോ ജേണലിസം' പോലെ ആരംഭിച്ച ഇത് 'പെയ്ഡ് ന്യൂസ്', 'വ്യാജ വാർത്ത', തുടർന്ന് 'ടിആർപി ജേണലിസം' എന്നിവയായി മാറിയെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി.