ഹൈദരാബാദ്: ജെഇഇ പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാർഥി സ്വയം വെടിവച്ചു മരിച്ചു. സ്വന്തം പിതാവിന്‍റെ തോക്കുപയോഗിച്ചാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. സൈന്യത്തില്‍ നിന്ന് വിരമിച്ച് സ്വകാര്യ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്നയാളാണ് കുട്ടിയുടെ പിതാവ്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയം നോക്കി തോക്കെടുത്ത് 19കാരന്‍ സ്വയം വെടിയുതിർക്കുകയായിരുന്നു.
പരീക്ഷയില്‍ വിജയിക്കാനാകുമോ എന്നതില്‍ നേരത്തെ തന്നെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു വിദ്യാര്‍ഥി. തുടര്‍ച്ചയായി ഫോണ്‍ ഉപയോഗിക്കുന്നതില്‍ പിതാവ് ശകാരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
രാജ്യത്തെ എന്‍ഐടി, ഐഐടി സ്ഥാപനങ്ങളിലേക്ക് നടത്തുന്ന പ്രവേശനപരീക്ഷകളില്‍ ഒന്നായ ജെഇഇയുടെ പരീക്ഷാഫലത്തില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് വിദ്യാർഥികളും രാഷ്ട്രീയ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 18ന് ആണ് ജെഇഇ ഫലം പ്രഖ്യാപിച്ചത്.