ഹൈദരാബാദ്: പുതുവത്സരാഘോഷങ്ങള്‍ക്ക് ഹൈദരാബാദില്‍ പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തി. മദ്യപിച്ച് വാഹനമോടിക്കുന്നതിനെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നതായിരിക്കും. പൊതുസുരക്ഷയെ മുന്‍നിര്‍ത്തി റോഡുകളും ബേഗംപേട്ട് ഒഴികെയുള്ള എല്ലാ മേല്‍പ്പാലങ്ങളും അടയ്‌ക്കുമെന്ന് ഹൈദരാബാദ്, സൈബരാബാദ്, രച്‌കൊണ്ട പൊലീസ് കമ്മിഷണറേറ്റുകള്‍ അറിയിച്ചു. അര്‍ദ്ധ രാത്രിവരെ ചില്ലറ വില്‍പനശാലകളില്‍ മദ്യവില്‍പനയ്‌ക്ക് നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പുലര്‍ച്ചെ ഒരു മണിവരെ ബാറുകളില്‍ മദ്യം നല്‍കുന്നതിനും സ്ഥാപനത്തിനകത്ത് ആഘോഷം സംഘടിപ്പിക്കുന്നതിനും അനുമതി നല്‍കിയിരുന്നു.
ട്വീറ്റിലൂടെയാണ് ഹൈദരാബാദ് പൊലീസ് അറിയിപ്പ് നല്‍കിയത്. എന്‍ടിആര്‍ മാര്‍ഗ്, നെക്‌ലെസ് റോഡ്, ഹുസൈന്‍ സാഗര്‍ തടാകത്തിന് സമീപം ടാങ്ക് ബുണ്ട് റോഡ് എന്നിവിടങ്ങളില്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഹുസൈന്‍ സാഗര്‍ തടാകത്തിന് സമീപം ആളുകളുടെ തിരക്കൊഴിവാക്കാന്‍ ഗതാഗതം വഴിതിരിച്ചുവിട്ടും. നഗര പരിധിയില്‍ പുലര്‍ച്ചെ രണ്ട് മണി വരെ ബസുകൾ, ലോറികൾ, ഹെവി വാഹനങ്ങൾ എന്നിവ അനുവദിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുക, അമിത വേഗത, അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ്, ഇരുചക്ര വാഹനങ്ങളില്‍ മൂന്ന് പേരെ കയറ്റിയുള്ള യാത്ര, മറ്റ് ട്രാഫിക് ലംഘനങ്ങള്‍ എന്നിവക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ അഞ്ജാനി കുമാര്‍ വ്യക്തമാക്കി. പുതുവത്സരം വീടുകളില്‍ ആഘോഷിക്കണമെന്ന് സൈബരാബാദ് പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
കൊവിഡ് വ്യാപനം തടയാനായി ആളുകള്‍ ഒത്തുകൂടുന്നതിനുള്ള അവസരങ്ങള്‍ കഴിവതും ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിര്‍ദേശം. ബാറുകള്‍, റിസോര്‍ട്ടുകള്‍, പാര്‍ക്കുകള്‍, ബാറുകള്‍, പൊതുയിടങ്ങള്‍ എന്നിവടങ്ങളില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടെന്ന് രച്‌കൊണ്ട പൊലീസ് കമ്മിഷണര്‍ മഹേഷ് ഭഗ്‌വത് അറിയിച്ചു. ഇന്ന് രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 വരെ ഔട്ടര്‍ റിങ് റോഡ് അടച്ചിടും. എന്നാല്‍ ഹെവി വാഹനങ്ങള്‍ക്ക് യാത്രാനുമതി നല്‍കുന്നതാണ്. വിമാനത്താവളങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് കാണിച്ചാല്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്. രാത്രി 10 മുതല്‍ 5 വരെ കാമിനേനി, എല്‍ബി നഗര്‍, സാഗര്‍ റിങ് റോഡ് ഫ്ലൈ ഓവറുകളിലും, എല്‍ബി നഗര്‍, ചിന്തല്‍കുന്ത റോഡുകളിലും ഇരുചക്ര വാഹനങ്ങള്‍ക്കും മോട്ടോര്‍ വാഹനങ്ങള്‍ക്കും യാത്രാനുമതി ഇല്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.