ഹൈദരാബാദ്: കേരളത്തിൽ ഗർഭിണിയായ ആനയുടെ മരണത്തിന് പിന്നിലുള്ളവരെ കുറിച്ച് വിവരങ്ങൾ നൽകുന്ന വ്യക്തിക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹൈദരാബാദ് സ്വദേശി. ഹൈദരാബാദിലെ യുണൈറ്റഡ് ഫെഡറേഷൻ ഓഫ് റെസിഡന്‍റ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയായ ബി.ടി. ശ്രീനിവാസനാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലുമെല്ലാം ആളുകൾ വേദന പ്രകടിപ്പിക്കുകയും ഏതാനും ദിവസങ്ങൾക്ക് ശേഷം പ്രശ്നം മറക്കുകയും ചെയ്യുകയാണ് പതിവ്. എന്നാൽ ശക്തമായ നടപടികൾ ആവശ്യമാണെന്ന് ശ്രീനിവാസൻ പറഞ്ഞു.
കേരളത്തിൽ നിരവധി ആനകൾ കൊല്ലപ്പെടുന്നുണ്ടെന്നും തന്‍റെ പ്രതിഫല പ്രഖ്യാപനം ഒരു പാഠമായിരിക്കണമെന്നും മൃഗങ്ങളെ കൊല്ലാൻ ശ്രമിക്കുന്നവരിൽ ഭയമുണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആനയുടെ മരണത്തിൽ കുറ്റവാളികളെ പിടികൂടാനായി ശരിയായ വിവരങ്ങൾ ആരെങ്കിലും നൽകിയാൽ രണ്ട് ലക്ഷം രൂപ കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിന് കൈമാറും. കുറ്റവാളി ശിക്ഷിക്കപ്പെട്ടതിന് ശേഷം ആ വ്യക്തിക്ക് പണം നൽകാൻ കേരള സർക്കാരിനോട് അഭ്യർഥിക്കും. പാരിതോഷികം നൽകാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് കേരള മുഖ്യമന്ത്രിക്ക് ഇ-മെയിൽ അയച്ചിട്ടുണ്ടെന്നും ഇത്തരം കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിവരങ്ങൾ നൽകുന്ന വ്യക്തിയെ കാണാൻ കേരളത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഗർഭിണിയായ കാട്ടാനയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വെള്ളിയാഴ്ച ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. 15 വയസുള്ള ആന സൈലന്‍റ് വാലി വനത്തിൽ വെച്ച് പടക്കം നിറച്ച തേങ്ങ കഴിച്ച ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.