ഹൈദരാബാദ്: അന്യജാതിയിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്‍റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഹേമന്ത്(28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കേസിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന ഒമ്പത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹേമന്തിനെയും ഭാര്യ അവന്തി റെഡ്ഡിയെയും വ്യാഴാഴ്‌ച അവന്തി റെഡ്ഡിയുടെ ബന്ധുക്കൾ നിർബന്ധിച്ച് കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ അവന്തി റെഡ്ഡി അവരിൽ നിന്ന് രക്ഷപ്പെട്ട് ഹേമന്തിന്‍റെ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് ഹേമന്തിന്‍റെ അച്ഛൻ ഏകദേശം 6.30ന് പൊലീസിൽ പരാതി നൽകി. പരാതി ലഭിച്ചയുടൻ പൊലീസ് പ്രത്യേക സംഘത്തെ രൂപീകരിക്കുകയും എല്ലാ ചെക്ക് പോസ്‌റ്റുകളിലും ടോൾ ഗേറ്റുകളിലും വിവരം അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്‌ചയാണ് നഗരത്തിൽ നിന്ന് മാറി ഉൾപ്രദേശമായ സംഗറെഡിയിൽ നിന്ന് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് അവന്തിയെയും ഹേമന്തിന്‍റെ ബന്ധുക്കളെയും മൃതദേഹം തിരിച്ചറിയുന്നതിനായി സംഗറെഡിയിലേക്ക് വിളിപ്പിക്കുകയും ചെയ്‌തു. വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ ജൂണിലായിരുന്നു ഹേമന്തിന്‍റെയും അവന്തി റെഡ്ഡിയുടെയും വിവാഹം. അവന്തിയുടെ വീട്ടുകാരുടെ എതിർപ്പോടെയായിരുന്നു വിവാഹം നടന്നത്. ഇരുവരുടെയും മാതാപിതാക്കളെ വിളിപ്പിച്ച് പൊലീസ് ഒത്തുതീര്‍പ്പില്‍ എത്തിയിരുന്നു.