ലഖിംപൂർ: വീട്ടിൽ നിന്ന് പുറത്തുപോകുമെന്ന് ഭീഷണിപ്പെടുത്തിയ ഭാര്യയുടെ മൂക്ക് കടിച്ചെടുത്ത് ഭർത്താവ്. ഉത്തർപ്രദേശിലെ ലഖിംപൂർ ജില്ലയിലാണ് സംഭവം. നീംഗാവ് പ്രദേശത്തെ മുഡിയ ഗ്രാമത്തിലെ സരോജിനി ദേവി(34)യെയാണ് ഭർത്താവ് മൂൽചന്ദ് ആക്രമിച്ചത്. തർക്കങ്ങളെത്തുടർന്ന് ആറുമാസത്തോളമായി ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് കഴിഞ്ഞിരുന്ന ഇവർ ഗ്രാമത്തലവന്‍റെ ഉപദേശപ്രകാരമാണ് ബുധനാഴ്ച ഭർത്താവിന്‍റെ വീട്ടിലേക്ക് മടങ്ങി എത്തിയത്.
ഞായറാഴ്ച ദമ്പതികൾ തമ്മിൽ വഴക്ക് ഉണ്ടാവുകയും താൻ വീട്ടിലെക്ക് മടങ്ങി പോലുകയാണെന്ന് സരോജിന് ഭർത്താവിനെ അറിയിക്കുകയുമായിരുന്നു. തുടർന്ന് ഭർത്താവ് മൂൽചന്ദ് ഇവരെ അടിക്കുകയും മൂക്ക് കടിച്ചെടുത്ത് ഓടുകയുമായിരുന്നു. സംഭവത്തിൽ നീംഗാവ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട മൂൽചന്ദിനെ അറസ്റ്റ് ചെയ്തതായും ഐപിസി സെക്ഷൻ 326 പ്രകാരം കേസെടുത്തതായും നീംഗാവ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രാജ്കുമാർ പറഞ്ഞു. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.