അമരാവതി: ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി സർക്കാരിന് തിരിച്ചടി. സര്‍ക്കാര്‍ നയങ്ങളെ നിരാകരിച്ച് പ്രതിപക്ഷ പാർട്ടിയാ തെലുങ്കുദേശം പാർട്ടി (ടിഡിപി) നിയമസഭ കൗൺസിലില്‍ അവതരിപ്പിച്ച പ്രമേയത്തിന് അംഗീകാരം.
പ്രമേയത്തില്‍ 27 അംഗങ്ങള്‍ വോട്ട് ചെയ്തു. 13 അംഗങ്ങള്‍ എതിര്‍ത്തു. ഒൻപത് പേര്‍ വിട്ടു നിന്നു. ടിഡിപിയുടെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ നാല് പ്രതിപക്ഷ അംഗങ്ങൾ ക്രോസ് വോട്ടിംഗിന് ശ്രമിച്ചെങ്കിലും പ്രമേയം അംഗീകരിച്ചത് സര്‍ക്കാരിന് വലിയ നാണക്കേടായി.
ഇതോടെ സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ബില്ല് പാസാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും. ധാർമ്മികമായും സാങ്കേതികമായും സർക്കാർ പരാജയപ്പെട്ടുവെന്ന് ടിഡിപി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബില്ലുകൾ ചർച്ചയ്ക്ക് കൊണ്ടുവന്നാൽ കൂടുതൽ അംഗങ്ങൾ ബില്ലിനെതിരെ വോട്ടുചെയ്യാൻ ടിഡിപിയിൽ ചേരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ബില്ലുകളെക്കുറിച്ച് ചർച്ച നടത്തുന്നതിനുമുമ്പ് ടിഡിപി പ്രമേയം അനുവദിച്ചതിന് മന്ത്രിമാർ ഉൾപ്പെടെയുള്ള വൈഎസ്ആർസിപി അംഗങ്ങള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
58 അംഗ കൗൺസിലിൽ വൈഎസ്ആർസിപിക്ക് വെറും ഒമ്പത് അംഗങ്ങളാണുള്ളത്. ടിഡിപിയിൽ 34 അംഗങ്ങളുണ്ട്. മൂന്ന് തലസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് മുഴുവൻ പ്രതിപക്ഷവും. അമരാവതി ഏക സംസ്ഥാന തലസ്ഥാനമായി തുടരണമെന്ന് പ്രതിപക്ഷത്തിന്‍റെ ആവശ്യം. അതേസമയം നിയമസഭയിലെ വലിയ ഭൂരിപക്ഷം ഉപയോഗിച്ച് ബില്‍ പാസാക്കാമെന്ന ജഗൻമോഹൻ റെഡ്ഡിയുടെ നീക്കത്തിനും തിരിച്ചടിയായി.