ഹൈദരാബാദ്: "ക്ലാസിലിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികള്‍, ആ കാഴ്‌ച നോക്കി കയ്യില്‍ കാലിയായ ഒരു പഴയ പാത്രവുമായി നില്‍ക്കുന്ന ഒരു പെണ്‍കുട്ടി. ആഗ്രഹങ്ങളും, സങ്കടവും, അതിലുപരി വിശപ്പും നിറഞ്ഞു നില്‍ക്കുന്ന ഫ്രെയിം".
കാഴ്‌ചകാരുടെ മനസിനെ പിടിച്ചുലയ്‌ക്കുന്ന ഒരു ചിത്രമാണ് "ഈനാടു" ദിനപത്രത്തിലെ ഫോട്ടോഗ്രാഫര്‍ ആവുല ശ്രീനിവാസ് ഹൈദരാബാദിലെ ഗുഡിമല്‍ക്കാപ്പൂരിലുള്ള നവോദയ സ്‌കൂളില്‍ നിന്ന് പകര്‍ത്തിയെടുത്തത്. സ്‌കൂളില്‍ ബാക്കി വരുന്ന ഭക്ഷണം തേടിയാണ് ദിവ്യ എന്ന പെണ്‍കുട്ടി സ്‌കൂളിലെത്തിയത്.
ചിത്രം പത്രത്തില്‍ അച്ചടിച്ചുവന്നതോടെയാണ് കോടീശ്വരന്‍മാരും, ലക്ഷപ്രഭുക്കളും ഒരുപാടുള്ള പട്ടണത്തിലെ ദാരിദ്ര്യത്തിന്‍റെയും, പട്ടിണിയുടെയും യഥാര്‍ഥ ചിത്രം ലോകം കണ്ടത്. ഈനാടു ദിനപത്രത്തില്‍ വന്ന ഫോട്ടോ രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. തൊട്ടുപിന്നാലെ വാര്‍ത്ത ഫലം കണ്ടു. സ്‌കൂള്‍വാതിലില്‍ ഭക്ഷണത്തിനായി കാത്തുനിന്ന ദിവ്യയ്‌ക്ക് ഭക്ഷണം മാത്രമല്ല സ്‌കൂളില്‍ പഠിക്കാനുള്ള സൗകര്യവും സ്‌കൂള്‍ അധികൃതര്‍ ഒരുക്കിക്കൊടുത്തു.
പക്ഷേ വാര്‍ത്ത ചിത്രത്തിന്‍റെ ഫലം അതിനപ്പുറത്തായിരുന്നു. ചിത്രം ശ്രദ്ധയില്‍പ്പെട്ടതിന് തൊട്ടുപിന്നാലെ കേന്ദ്രമന്ത്രി കിഷന്‍ റെഡ്ഡി വിഷയത്തില്‍ ഇടപെട്ടു. പാവപ്പെട്ട കുട്ടികള്‍ അനുഭവിക്കുന്ന പട്ടിണിക്ക് ഉടന്‍ പരിഹാരം കാണാന്‍ ജില്ലാ കലക്‌ടര്‍ക്ക് നിര്‍ദേശവും നല്‍കി. ഒപ്പം തെരുവിലുള്ള കുട്ടികളുടെ ഉന്നമനത്തിനായി നടപ്പാക്കിയ പദ്ധതികളുടെ പുരോഗതി സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
കേവലം ഒരു വാര്‍ത്തയിലൊതുങ്ങാതെ വിഷയം വലിയ ഫലം ചെയ്‌തതിന്‍റെ സന്തോഷത്തിലും, അഭിമാനത്തിലുമാണ് ജീവനുള്ള ചിത്രം പകര്‍ത്തിയ ആവുല ശ്രീനിവാസും, ചിത്രം പ്രസിദ്ധീകരിച്ച ഈനാടു ദിനപത്രവും.