ഷിംല: ഹിമാചല്‍ പ്രദേശ് മന്ത്രി ഗോവിന്ദ് സിങ് ഠാക്കൂറിനും ബി.ജെ.പി സര്‍ക്കാരിനുമെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ വാഹനത്തില്‍ ബ്യൂട്ടി പാര്‍ലറില്‍ പോയ ഗോവിന്ദ് സിങ് ഠാക്കൂറിന്‍റെ ഭാര്യ രജനി ഠാക്കൂര്‍ രണ്ടരലക്ഷം രൂപ മോഷണം പോയതായി പൊലീസില്‍ പരാതി നല്‍കിയതിനെത്തുടർന്നാണ് വിവാദങ്ങൾ കത്തിപ്പടർന്നത്. ഗതാഗതം, വനം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയുള്ള വ്യക്തിയാണ് ഗോവിന്ദ് സിങ് ഠാക്കൂർ. എന്തിനാണ് രജനി ഠാക്കൂർ വന്‍തുക കൈവശം വച്ചത് ചോദ്യമാണ് കോണ്‍ഗ്രസ് ഉയർത്തുന്നത്. വിഷയം സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്.
സര്‍ക്കാര്‍ വാഹനം മന്ത്രിയുടെ ഭാര്യ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിനെതിരെയും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എച്ച്.പി 66 0001 നമ്പറുള്ള വാഹനത്തിലാണ് മന്ത്രിയുടെ ഭാര്യ ബ്യൂട്ടി പാര്‍ലറില്‍ പോയത്. സര്‍ക്കാര്‍ വാഹനം മന്ത്രിയുടെ ഭാര്യതന്നെ ദുരുപയോഗം ചെയ്തത് ഗുരുതരമായ തെറ്റാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.