ഷിംല: കനത്ത മഞ്ഞുവീഴ്‌ചയിൽ റോഹ്താങിലെ മണാലി- ലേ റോഡിൽ കുടുങ്ങിയ ഇരുന്നൂറോളം പേരെ സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബിആർഒ), റോഹ്താങ് റെസ്ക്യൂ ടീം, ജില്ലാ ഭരണകൂടം എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഞ്ഞുവീഴ്‌ച കാരണം സൈനിക വാഹനങ്ങൾ ഉൾപ്പെടെ നൂറ്റിയൻപതോളം വാഹനങ്ങൾ റോഹ്താങ് പാസിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
റോഡുകളിൽ നിന്ന് മഞ്ഞ് മാറ്റി വാഹനങ്ങൾക്ക് വഴിയൊരുക്കാൻ 'ടീം റാപ്റ്റേഴ്‌സ്' എന്ന സന്നദ്ധ സംഘടനയും പൊലീസിനെ സഹായിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ റോഹ്താങ് പാസ് കടക്കരുതെന്ന് ഭരണകൂടം ആളുകളോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. റോഹ്താങ് പാസിൽ ഇന്ന് ആറ് ഇഞ്ച് മഞ്ഞ് വീഴ്‌ചയാണ് ഉണ്ടായത്. ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എച്ച്ആർടിസി) ബസുകൾക്ക് പോകാൻ കഴിയില്ലെന്നും ലാഹൗൾ സ്പിതിയിലേക്കും ലഡാക്കിലേക്കും പോകാൻ ആഗ്രഹിക്കുന്ന ആരെങ്കിലും സാഹചര്യം സാധാരണ നിലയിലെത്തുന്നതുവരെ യാത്ര മാറ്റിവയ്ക്കണമെന്നും മണാലി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് രാമൻ ഗാർസംഗി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത 24 മണിക്കൂറിനുള്ളിൽ റോഹ്താങ്ങിൽ നേരിയ മഴയുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.