ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും സെപ്റ്റംബർ 27 നാണ് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യുന്നത്. ഇന്ത്യയും പാകിസ്ഥാനും ഐക്യരാഷ്ട്രസഭയിൽ നേർക്കുനേർ എത്താൻ ഒരുങ്ങുമ്പോൾ കശ്മീർ വിഷയം പ്രധാന ചർച്ചാവിഷയമാകുമെന്നാണ് പ്രതീക്ഷ. കശ്മീര്‍ വിഷയത്തില്‍ ഇതാദ്യമായല്ല മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്നതെങ്കിലും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇടപെടുമെന്ന തുറന്ന് പറച്ചിലുകള്‍ നടത്തിയ സാഹചര്യത്തില്‍ പ്രസക്തിയേറെയാണ്. ഐക്യരാഷ്ട്ര സഭ തന്നെ ഇതിന് മുമ്പ് നിരവധിത്തവണ ഇടപെടല്‍ നടത്തിയിരുന്നു.
1948 നും 1971 നും ഇടയിൽ മധ്യസ്ഥതയിലൂടെ പരിഹാരം കാണുന്നതിനായി ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി 23 പ്രമേയങ്ങളാണ് പാസാക്കിയത്. 1948 ജനുവരി 1ന് ജമ്മു കശ്മീരിലെ ഗോത്രവർഗ ആക്രമണത്തിന് പാകിസ്ഥാൻ സഹായം നൽകിയെന്ന് ആരോപിച്ച് യുഎൻ ചാർട്ടറിന്‍റെ ആറാം അദ്ധ്യായ പ്രകാരം ഇന്ത്യ പരാതി നൽകി. ജമ്മു കശ്മീരിലെ ഭരണാധികാരി മഹാരാജ ഹരി സിംഗ് ഒപ്പുവച്ച പ്രവേശന ഉടമ്പടി പ്രകാരം കശ്മീരിലെ മുഴുവൻ നാട്ടുരാജ്യങ്ങളും നിയമപരമായി തങ്ങളുടേതാണെന്ന് ഇന്ത്യ അവകാശപ്പെട്ടു. ഇന്ത്യയുടെ ആരോപണം നിഷേധിക്കുകയും ഇന്ത്യ കശ്മീർ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് പാകിസ്ഥാൻ ആരോപിച്ചു.
1948 ജനുവരി 17ന് ഇന്ത്യയോടും പാകിസ്ഥാനോടും സംയമനം പാലിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് യുഎൻ സുരക്ഷാ സമിതി 38-ാം പ്രമേയം പാസാക്കി. ഇത് പ്രകാരം കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ യുഎൻ കമ്മീഷനെ നിയമിക്കുന്നതിന് ഇരു രാജ്യവും സമ്മതിച്ചു. തുടര്‍ന്ന് ഇന്ത്യ- പാകിസ്ഥാൻ തർക്കത്തെക്കുറിച്ച് അന്വേഷിച്ച് മധ്യസ്ഥത വഹിക്കാനായി മൂന്ന് അംഗ കമ്മീഷനെ നിയമിച്ചുകൊണ്ട് ജനുവരി 20ന് സുരക്ഷാ സമിതി 39-ാം പ്രമേയം പാസാക്കി.
പിന്നീട് 1948 ഏപ്രിൽ 21ന് മധ്യസ്ഥ സമിതി അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തി. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുക, അഭയാർഥികളെ തിരികെ കൊണ്ടുവരാൻ അനുവദിക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ചു കൊണ്ട് 47-ാം പ്രമേയം പാസാക്കി. ക്രമസമാധാന പാലനത്തിനായി കുറച്ച് സൈനികരെ വിന്യസിക്കാൻ ഇന്ത്യയെ അനുവദിച്ചു. ഇരു രാജ്യങ്ങളും വെടിനിർത്തൽ പദ്ധതി അംഗീകരിക്കുകയും 1949 ജനുവരി 1 മുതൽ വെടിനിർത്തൽ നിരീക്ഷിക്കാൻ ഐക്യരാഷ്ട്രസഭയെ അനുവദിക്കുകയും ചെയ്തു.
ഇരുരാജ്യങ്ങളും സൈന്യത്തെ പിൻവലിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് 1949 ഡിസംബറിൽ സുരക്ഷാ സമിതി പ്രസിഡന്‍റ് ജനറൽ എജിഎൽ മക് നൊട്ടൻ ഇന്ത്യയും പാകിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ശ്രമിച്ചു. 1950ൽ അഞ്ചംഗ മധ്യസ്ഥ സമിതിക്ക് പകരം യുഎൻ പ്രതിനിധിയായ ഓവൻ ഡിക്സൺ സ്ഥാനമേറ്റു. സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഇന്തോ-പാക് കരാറിനെക്കുറിച്ച് വലിയ പ്രതീക്ഷ ഇല്ലെന്ന് അദ്ദേഹം അറിയിച്ചു.
പ്രദേശങ്ങൾ വേർതിരിച്ചോ അല്ലെങ്കിൽ 'സംശയാസ്പദമായ' പ്രദേശമായ കശ്മീർ താഴ്‌വരയിൽ മാത്രം പൊതുജനാഭിപ്രായം നടത്തണമെന്ന് ഡിക്സൺ നിർദ്ദേശിച്ചു. എന്നാൽ ഡിക്സന്‍റെ നിർദേശങ്ങൾ സംബന്ധിച്ച് ഇന്ത്യയ്ക്കും പാകിസ്ഥാനും ധാരണയിലെത്താൻ കഴിഞ്ഞില്ല. ഡിക്സണിന് ശേഷം ഫ്രാങ്ക് എബ്രഹാമും ഗുന്നർ ജാരിംഗും സ്ഥാനമേറ്റു. ഇരുവരും വിഷയത്തിൽ പരാജയപ്പെട്ടു. യുഎൻസിഐപിയുടെ ഉത്തരവ് അവസാനിപ്പിച്ചതോടെ 1951 മാർച്ച് 30 ന് സുരക്ഷാ സമിതി മറ്റൊരു പ്രമേയം പാസാക്കി. വെടിനിർത്തൽ രേഖ നിരീക്ഷിക്കുന്നതിന് ഇന്ത്യയിലും പാക്കിസ്ഥാനിലും ഐക്യരാഷ്ട്ര സൈനിക നിരീക്ഷണ സംഘം സ്ഥാപിക്കുന്നതിനായിരുന്നു പ്രമേയം.
60കളിലും പാകിസ്ഥാൻ കശ്മീർ പ്രശ്‌നം ഉന്നയിച്ചുകൊണ്ടിരുന്നു. എന്നാല്‍1965 ലെ ഇന്തോ-പാക് യുദ്ധത്തിനുശേഷം വിഷയത്തിൽ യുഎൻ ഇടപെടൽ ഗണ്യമായി കുറഞ്ഞു. യുഎസും സോവിയറ്റ് യൂണിയനും ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും 1965 സെപ്റ്റംബർ 29 ന് വെടിനിർത്തൽ ആചരിക്കാൻ സമ്മതിച്ചു. കശ്മീരുമായി ബന്ധപ്പെട്ട അവസാന പ്രമേയങ്ങൾ വന്നത് 1971ലെ ബംഗ്ലാദേശ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു. ഇത് സിംല കരാറിലേക്ക് നയിച്ചു. കശ്മീരുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന യുഎന്നിന്‍റെ എല്ലാ പ്രമേയങ്ങളെയും സിംല കരാർ അസാധുവാക്കുന്നുവെന്നും തർക്കം ഉഭയകക്ഷിപരമായി പരിഹരിക്കപ്പെടുമെന്നും ഇന്ത്യ വാദിച്ചു. കരാർ യുഎൻ ഇടപെടലിനെ നിരാകരിക്കുന്നില്ലെന്നായിരുന്നു പാകിസ്ഥാന്‍റെ പക്ഷം.