ബെംഗളൂരു: കൊവിഡ് ചികിത്സക്കെത്തിയ രോഗിയില്‍ നിന്നും ആശുപത്രി ചെലവായി ഈടാക്കിയത് അഞ്ച് ലക്ഷം രൂപ. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകര്‍. കൊവിഡ് -19 പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഡോ.സുധാകർ അപ്പോളോ ആശുപത്രിയുടെ ബിൽ തന്‍റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും സർക്കാർ മാർഗനിർദേശങ്ങളും മുന്നറിയിപ്പുകളും ആശുപത്രി അവഗണിക്കുകയാണെന്നും കുറിച്ചു. അപ്പോളോ ആശുപത്രികളിലെ രോഗികൾ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നതായി മനസിലാക്കി. പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് വിധേയരാകുന്ന കൊവിഡ് രോഗികളിൽ നിന്ന് 5,000 മുതൽ 15,000 രൂപ വരെ രൂപ മാത്രമെ പ്രതിദിനം ഈടാക്കാവുവെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. മന്ത്രിയുമായി ആശയവിനിമയ പിശക് ഉണ്ടായിരുന്നു. മാനേജ്‌മെന്‍റ് അദ്ദേഹത്തെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ വിഷയത്തില്‍ പ്രതികരിച്ചു. ഇൻഷുറൻസ് പ്രകാരമാണ് ബില്ലിങ് നടത്തിയതെന്ന് ആശുപത്രി എക്സിക്യൂട്ടീവ് പറഞ്ഞു.
64 കാരനായ രോഗിയെ ജൂലൈ മൂന്നിനാണ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. 'രോഗിയുടെ കുടുംബം ബില്ലുമായി ഒത്തുപോകുന്നുണ്ടെന്നും രോഗിയുടെ മകൻ മെഡിക്കൽ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളായതിനാല്‍ കാര്യങ്ങള്‍ അറിയാമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. രോഗി ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാതിനാൽ മകന്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. രണ്ടാഴ്ച മുമ്പ് ഒരു സ്വകാര്യ ആശുപത്രി ഒരു രോഗിക്ക് ഒമ്പത് ലക്ഷം രൂപയുടെ ബില്ലാണ് നല്‍കിയത്. ഇത് മന്ത്രി ഡോ.സുധാകർ തന്‍റെ ദൈനംദിന വാര്‍ത്താസമ്മേളനത്തില്‍ പരാമർശിച്ചിരുന്നു.