ന്യൂഡല്‍ഹി: സംസ്ഥാനങ്ങളിലെ ജയിലുകളില്‍ ജാഗ്രത പാലിക്കാന്‍ ആഭ്യന്തര മന്ത്രാലയം എല്ലാ ചീഫ് സെക്രട്ടറിമാര്‍ക്കും ഡിജിപിമാര്‍ക്കും നിര്‍ദേശം നല്‍കി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ ശക്തമാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിപ്പില്‍ നിര്‍ദേശിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോകോളും പാലിക്കുന്നതിനൊപ്പം പൊതുനിരത്തില്‍ വിന്യസിക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യവുമൊരുക്കണം. കൊവിഡ് പോസിറ്റീവ് രോഗികളുമായി സമ്പര്‍ക്കത്തിലാവുകയോ രോഗലക്ഷണങ്ങള്‍ കാണിക്കുകയോ രോഗബാധിത പ്രദേശങ്ങളില്‍ പോവുകയോ ചെയ്‌തിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.