ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ. പ്രധാനമന്ത്രിയുടെ പിഎം കെയേഴ്‌സ് ഫണ്ട് ശേഖരണത്തിലേക്ക് 25 ലക്ഷം ധനസഹായം നല്‍കുമെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.
ഹോക്കി ഇന്ത്യ എക്‌സിക്യൂട്ടീവ് ബോർഡ് 25 ലക്ഷം രൂപ പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് ധനസഹായം ചെയ്യാൻ ഏകകണ്‌ഠമായി തീരുമാനിച്ചതായി ഹോക്കി ഇന്ത്യ പ്രസിഡന്‍റ് മുഹമ്മദ് മുഷ്‌താഖ് പറഞ്ഞു.
ഇന്ത്യൻ പൗരൻ എന്ന നിലയില്‍ ഈ അടിയന്തര സാഹചര്യത്തെ നേരിടാൻ ഒരുമിച്ച് പോരാടേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. ഹോക്കിക്ക് എപ്പോഴും ഈ രാജ്യത്തെ ജനങ്ങളില്‍ നിന്ന് വളരെയധികം സ്നേഹവും പിന്തുണയും ലഭിച്ചിട്ടുണ്ട്. ഈ മഹാമാരിയ്ക്ക് എതിരെ പോരാടി വിജയിക്കാൻ ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിന് ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകമാകെ 8,00,000 അധികം ആളുകളെയാണ് കൊവിഡ് ബാധിച്ചത്. 42,000ല്‍ അധികം മരണവും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1300ല്‍ അധികം പേർക്കാണ് ഇതുവരെ ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 35 മരണവും ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ അടിയന്തര സാഹചര്യത്തില്‍ രാജ്യത്തിന് എല്ലാവിധ പിന്തുണയും നല്‍കാൻ ഹോക്കി ഇന്ത്യ ആഗ്രഹിക്കുന്നതായി ഹോക്കി ഇന്ത്യ ജനറല്‍ സെക്രട്ടറി രാജീന്ദർ സിംഗ് പറഞ്ഞു. ഉത്തരവാദിത്തോടെ പ്രവർത്തിക്കാനും വീടുകളില്‍ തുടരാനും ഇന്ത്യൻ പൗരന്മാരോട് അഭ്യർഥിക്കുന്നു. ഈ ആഗോള പ്രതിസന്ധിയെ ഒരുമിച്ച് നേരിടാൻ നമുക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.