ന്യൂഡൽഹി: ഭീകര സംഘടനയായ ഹിസ്ബുൾ മുജാഹിദീൻ കശ്‌മീര്‍ താഴ്‌വരയില്‍ പുനസംഘടിക്കാൻ ഒരുങ്ങുകയാണെന്ന് രഹസ്യാന്വേഷണ ഏജൻസി. 10 ദിവസത്തിനുള്ളിൽ താഴ്‌വരയിലുടനീളം ഒന്നിലധികം ഭീകരാക്രമണങ്ങൾ നടത്താൻ ഹിസ്ബുൾ മുജാഹിദീൻ പദ്ധതിയിടുന്നതായും രഹസ്യാന്വേഷണ ഏജൻസി റിപ്പോര്‍ട്ട് ചെയ്‌തു. കഴിഞ്ഞ കുറെ ദിവസങ്ങളായി കശ്‌മീർ താഴ്‌വരയിൽ ഹിസ്ബുൾ മുജാഹിദീന് വൻ തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. അവരുടെ ഉന്നത കമാൻഡർമാരെ സുരക്ഷ സേന പിടികൂടുകയും കൊലപ്പെടുത്തുകയും ചെയ്‌തിരുന്നു.
സുരക്ഷാ സേനയെ ലക്ഷ്യമിട്ട് വലിയ രീതിയിലുള്ള ഭീകരാക്രമണം നടത്താൻ അവർ പദ്ധതിയിടുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസി പറയുന്നു. ഹിസ്ബുൾ സംഘങ്ങൾ പുനസംഘടിക്കുമ്പോൾ സുരക്ഷാ സേനയെ ആക്രമിക്കുക മാത്രമല്ല ആയുധ കവർച്ച നടത്താനും സാധ്യതയുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഹിസ്ബുൾ ഉന്നത കമാൻഡർ റിയാസ് നായികുവിനെ ഈ മാസം ആദ്യം സുരക്ഷ സേന കൊലപ്പെടുത്തിയിരുന്നു. നായികുവിന്‍റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് തീവ്രവാദ സംഘടനയുടെ പദ്ധതി.
കർഫ്യൂവിനും കൊവിഡിനുമിടിയില്‍ നിരപരാധികളായ യുവാക്കളെ അണിനിരത്തി ഏറ്റുമുട്ടല്‍ നടത്താൻ ശ്രമിക്കുകയാണെന്നും ഇന്‍റിലിജൻസ് ഏജൻസി പറഞ്ഞു. തെക്കൻ കശ്‌മീരിൽ നിന്നുള്ള ഒരു കൂട്ടം ഹിസ്ബുൾ മുജാഹിദീൻ തീവ്രവാദികൾ കിഷ്ത്വാറിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഹിസ്ബുൾ തീവ്രവാദിയായ അഹ്‌റഫ് മൗലവി അനന്ത്നാഗിൽ നിന്ന് കിഷ്ത്വാറിലെത്തിയതായി ഇന്‍റിലജൻസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്‌തു.