ഷിംല: അഴിമതി കേസില്‍ ഹിമാചല്‍പ്രദേശ് ഹെല്‍ത്ത് സര്‍വീസ് ഡയറക്‌ടര്‍ അജയ്‌കുമാര്‍ ഗുപ്‌ത അറസ്റ്റിലായി. വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ക്ഷന്‍ ബ്യൂറോ അറസ്റ്റ് ചെയ്‌തതോടെ അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്‌തു. അഴിമതി തടയല്‍ നിയമത്തിന്‍റെ കീഴിലാണ് അജയ് കുമാര്‍ ഗുപ്‌തയെ അറസ്റ്റ് ചെയ്‌തതെന്ന് എസ് പി ശാലിനി അഗ്‌നിഹോത്രി വ്യക്തമാക്കി. അജയ് കുമാര്‍ ഗുപ്‌ത 5ലക്ഷം രൂപ കൈക്കൂലി ചോദിക്കുന്ന 43 സെക്കന്‍റ് ഓഡിയോ വൈറലായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.
വ്യാഴാഴ്‌ച അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി. 5 ദിവസത്തേക്ക് ഇയാളെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളെ തുടര്‍ന്ന് അജയ് കുമാര്‍ ഗുപ്‌തയെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജില്‍ അഡ്‌മിറ്റാക്കിയിരിക്കുകയാണെന്ന് എസ്.പി ശാലിനി അഗ്‌നിഹോത്രി അറിയിച്ചു. ഗുപ്‌തയുടെ ഓഫീസിലും വസതിയിലും നടത്തിയ തെരച്ചിലില്‍ പ്രധാന രേഖകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എസ്.പി കൂട്ടിച്ചേര്‍ത്തു.