ഡെറാഡൂൺ: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിൽ ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ല അതീവ ജാഗ്രതയിൽ. ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) കിന്നൗറിന്‍റെ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ വർധിപ്പിച്ചു. ചൈനയുമായുള്ള 260 കിലോമീറ്റർ അതിർത്തി ഹിമാചൽ പങ്കിടുന്നു, അതിൽ 180 കിലോമീറ്റർ കിന്നൗറിലും 80 കിലോമീറ്റർ ലാഹൗൾ, സ്പിതി ജില്ലകളിലുമാണ്.
ഹിമാചൽ പ്രദേശിലെ ഗോത്രവർഗക്കാരായ ലാഹൗൾ, സ്പിതി, കിന്നൗർ ജില്ലകളിലെ അതിർത്തി ഗ്രാമങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇന്ത്യൻ, ചൈനീസ് സേനകൾ വളഞ്ഞതിനെ തുടർന്ന് പിരിമുറുക്കത്തിലാണ്. അതിർത്തി പ്രദേശങ്ങൾ ജാഗ്രത പാലിക്കുന്നതിനു പുറമേ, എല്ലാ രഹസ്യ ഏജൻസികളെയും ഹിമാചൽ പ്രദേശ് പൊലീസ് സജീവമാക്കിയിട്ടുണ്ട്.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയും ഹിമാചലിലെ അതിർത്തി ഗ്രാമങ്ങളിൽ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതായി റിപ്പോർട്ടുണ്ട്. ഷിപ്കി ലാ ഗ്രാമത്തിലും അതിർത്തിയിലെ തുൻസുക് എന്ന ചെറിയ പട്ടണത്തിലും യൂണിറ്റുകൾ വിന്യസിച്ചിട്ടുണ്ട്. ചൈന തുടർച്ചയായി വൻതോതിലുള്ള സൈനിക വിന്യാസത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.