സിംല: ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന 27 കീടനാശിനികള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനിടെ വരുമാനവും ഉല്‍പാദന ക്ഷമതയും കുറയുമെന്ന ആശങ്കയില്‍ ഹിമാചലിലെ കര്‍ഷകര്‍. നിരോധനത്തിന് മുന്‍പ് ആശങ്കയ്‌ക്ക് പരിഹാരമുണ്ടാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ജൈവ കൃഷി ഉല്‍പാദനക്ഷമതയെ കുറക്കുമെന്നും കശ്‌മീരിലും ഹിമാചലിലും കണ്ടു വരുന്ന ആപ്പിള്‍ സ്‌കാബ് പോലുള്ള രോഗങ്ങളെ എങ്ങനെ നിയന്ത്രിക്കുമെന്ന ആശങ്കയും തങ്ങള്‍ക്കുണ്ടെന്ന് കര്‍ഷകര്‍ ഇടിവി ഭാരതിനോട് പറഞ്ഞു. കീടനാശിനികള്‍ നിരോധിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗം കൂടി നിര്‍ദേശിച്ചില്ലെങ്കില്‍ വിളകള്‍ നശിക്കുമെന്നും കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു.
കര്‍ഷകര്‍ക്കും തോട്ടക്കാര്‍ക്കും ആവശ്യമായ ബദല്‍ മാര്‍ഗങ്ങള്‍ ലഭ്യമാണെന്ന് കര്‍ഷകരുടെ ആശങ്കകള്‍ തള്ളിക്കളഞ്ഞ് കൊണ്ട് ഹിമാചല്‍ പ്രദേശ് ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഡയറക്‌ടര്‍ മദന്‍ മോഹന്‍ ശര്‍മ പറഞ്ഞു. ഓരോ സീസണിലെയും സ്‌പ്രേ ഷെഡ്യൂളിലേക്കായി സര്‍ക്കാര്‍ നാലു ബദല്‍ മാര്‍ഗങ്ങള്‍ നല്‍കുന്നതിനാല്‍ സര്‍ക്കാര്‍ തീരുമാനം നിരവധി കര്‍ഷകരെ ബാധിക്കില്ലെന്ന് മദന്‍ മോഹന്‍ ശര്‍മ വ്യക്തമാക്കി. ഞങ്ങള്‍ തെരഞ്ഞെടുക്കുന്ന നാല് കീടനാശിനികള്‍ ഒന്ന് നിരോധിക്കപ്പെട്ടാലും മൂന്നെണ്ണം ബാക്കിയുണ്ടെന്നും മതിയായ ബദല്‍ മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനുപം വര്‍മ്മ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം 66 കീടനാശിനികളില്‍ 27 എണ്ണം ഷോര്‍ട്ട്ലിസ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ടെന്ന് കേന്ദ്രം മെയ് 20 നടത്തിയ പ്രഖ്യാപനത്തില്‍ പറയുന്നു. ഇന്ത്യയില്‍ ഉപയോഗിച്ചു വരുന്നതും ലോകരാജ്യങ്ങളില്‍ നിരോധിക്കുകയും ചെയ്‌ത കീടനാശിനികളെ അവലോകനം ചെയ്യുകയെന്നതായിരുന്നു കമ്മിറ്റിയുടെ ചുമതല. ആപ്പിള്‍ കൃഷിയില്‍ കൂടുതലായി ഉപയോഗിക്കുന്ന കീടനാശിനികളായിരുന്നു സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ പട്ടികയില്‍ കൂടുതലായി ഉള്ളത്. കാപ്‌റ്റന്‍,കാര്‍ബന്‍റസിം,ക്ലോര്‍പൈറിഫോസ്,ബുടാച്‌ലോര്‍,മാന്‍കോസേബ് എം-45,ജീനോം,സിറാം,സിനേബ്,തിയോഫനേറ്റ് മീഥൈയില്‍,തിറാം എന്നിവ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഈ കീടനാശിനികള്‍ വെള്ളത്തില്‍ കലരുന്നതു മൂലം പിന്നീട് മനുഷ്യര്‍,മൃഗങ്ങള്‍, തേനീച്ചകള്‍ എന്നിവയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. കീടനാശിനി നിരോധനത്തിനുള്ള കരട് ഗസറ്റ് വിജ്ഞാപനം മാത്രമാണ് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ളത്. കീടനാശിനി പുറത്തിറക്കുന്ന കമ്പനികള്‍ക്ക് മെയ് 14 തൊട്ട് 45 ദിവസം വരെ എതിര്‍പ്പുകളും വാദങ്ങളും സമര്‍പ്പിക്കാമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നു. വാദങ്ങളുടെ അവലോകനത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.