ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6,977 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഇന്ത്യയിൽ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുളുടെ എണ്ണം 1,38,845 ആയി. ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രാജ്യങ്ങളില്‍ പത്താം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍.
കേസുകളുടെ എണ്ണത്തിൽ ഇന്ത്യ ആദ്യ പത്തിൽ ഇടം നേടിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 154 കൊവിഡ് മരണങ്ങൾ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,021 ആയി. 77,103 സജീവ കേസുകളാണ് നിലവിൽ ഇന്ത്യയിൽ ഉള്ളത്. 57,721 പേര്‍ ഇത് വരെ രോഗം ഭേദമായി ആശുപത്രി വിട്ടു.
50,231 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ളത്, തമിഴ്‌നാട് (16,277), ഗുജറാത്ത് (14,056), ഡൽഹി (13,418) എന്നിവയാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ.
കൊവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയ ലോക്ക് ഡൗൺ മെയ് 31 ന് അവസാനിക്കും.