റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്‌തു. റാഞ്ചിയിലെ മൊറാബാദി മൈതാനത്ത് ഉച്ചക്ക് രണ്ട് മണിക്ക് നടന്ന ചടങ്ങിൽ ഗവർണർ ദ്രൗപദി മർമു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജാർഖണ്ഡിന്‍റെ 11-ാമത് മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറൻ അധികാരമേറ്റത്. ഇത് രണ്ടാം തവണയാണ് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) വർക്കിങ് പ്രസിഡന്‍റായ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാവുന്നത്.
മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, മമത ബാനർജി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ലോക്‌താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.ഇവര്‍ക്ക് പുറമെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ആർജെഡിയുടെ തേജസ്വി യാദവ്, ആം ആദ്മി പാർട്ടി എംപി സഞ്‌ജയ് സിങ്, സിപിഐയുടെ അതുൽ കുമാർ അഞ്‌ജൻ, സിപിഐ(എം) നേതാവ് സീതാറാം യെച്ചൂരി, ഡി.രാജ, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്‍റെ ചുമതലയുണ്ടായിരുന്ന ആർപിഎൻ സിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മുൻ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറനും മകൻ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ മുഖ്യമന്ത്രി രഘുബാർ ദാസും ചടങ്ങിൽ പങ്കെടുത്തു. ജെഎംഎം-കോൺഗ്രസ്-ആർജെഡി സഖ്യം 81 അംഗ സംസ്ഥാന നിയമസഭയിൽ 47 സീറ്റുകൾ നേടിയാണ് ഭൂരിപക്ഷം ഉറപ്പിച്ചത്. ജെഎംഎം 30 സീറ്റുകളും കോൺഗ്രസ് 16ഉം ആർജെഡി ഒരു സീറ്റുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയത്.