ന്യൂഡൽഹി: ശക്തമായ വടക്കുകിഴക്കൻ കാറ്റ് വീശുന്നതിനാൽ അടുത്ത രണ്ട് ദിവസവും തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ എന്നിവിടങ്ങളിൽ അടുത്ത ആഴ്‌ച ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അടുത്ത രണ്ട് ദിവസത്തേക്ക് കേരളം, ലക്ഷദ്വീപ്, കർണാടകയിലെ തീരദേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയുണ്ടാകും. റയലസീമ, തെക്കൻ കർണാടക, കേരളം, മാഹി, തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.