അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്‍റെഹർജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വാദം കേൾക്കും. തീഹാർ ജയിലിൽ തനിക്ക് സ്വന്തമായൊരു സെല്ല് വേണമെന്ന മിഷേലിന്‍റെ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. അതേസമയം ജയിലിനുള്ളിൽ മിഷേൽ ലാപ്ടോപ് ഉപയോഗിക്കുന്നെന്ന വാർത്ത ആരോപണം മാത്രമാണെന്ന് മിഷേലിന്‍റെ അഭിഭാഷകൻ പറഞ്ഞു.
ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള വ്യക്തിക്ക് ഏകാന്ത തടവ് അനുവദിക്കുന്നത് നിയമവിരുദ്ധമാണെന്ന് സി.ബി.ഐ കോടതിയെ നേരത്തേ അറിയിച്ചിരുന്നു. ക്രിസ്ത്യൻ മിഷേലിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണം എന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടിരുന്നു.
അഗസ്റ്റ വെസ്‍റ്റ്‍ലാഡിൽ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ക്രിസ്ത്യന്‍ മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നതാണ് മിഷേലിനെതിരായ കുറ്റം. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ വെസ്റ്റ്ലാൻഡുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്.