ന്യൂഡൽഹി: കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അതിവേഗം ജനങ്ങളിലെത്തിക്കാന്‍ 'ട്വിറ്റർ സേവ'യുമായി കേന്ദ്ര സർക്കാർ. ആരോഗ്യ സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, രോഗലക്ഷണങ്ങളെ കുറിച്ചുള്ള സംശയങ്ങൾ, പരിശോധനക്കുള്ള സഹായങ്ങൾ, ആഗോള മഹാമാരിക്കെതിരെ രാജ്യത്ത് സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്നിവ ട്വിറ്റർ സേവ വഴി ലഭിക്കും. കൂടാതെ ജനങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും ലഭിക്കും . കൊവിഡുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും മറുപടി നൽകാൻ പരിശീലനം നൽകിയ വിദഗ്‌ധ സംഘത്തെയാണ് ട്വിറ്റർ സേവക്കായി ചുമതലപ്പെടുത്തിയിരിക്കുന്നത്.
സന്ദേശങ്ങളും മറുപടിയും എല്ലാവർക്കും ലഭ്യമാകുമെന്നും അങ്ങേയറ്റം സുതാര്യമായ രീതിയിലാണ് ഈ ഓൺലൈൻ സേവനം ലഭ്യമാക്കുന്നതെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി. ഇത് തികച്ചും പൊതുജനങ്ങൾക്ക് വേണ്ടി തയ്യാറാക്കിയതാണ്. ആരും തങ്ങളുടെ പേരുവിവരങ്ങളോ ആരോഗ്യസംബന്ധമായ വിവരങ്ങളോ ഹാജരാക്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
ട്വിറ്റർ സേവ ഇതിനകം തന്നെ വിദേശകാര്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, തപാൽ വകുപ്പ്, യുപി പൊലീസ്, ബെംഗളൂരു പൊലീസ് എന്നിവർ വഴി പൊതുജനങ്ങളുമായി ബന്ധപ്പെടുന്നുണ്ട്.