ചണ്ഡീഗഡ്: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പിലെ അവധിയും വകുപ്പ്തല ട്രാൻസ്‌ഫറുകളും നിരോധിച്ചതായി ആരോഗ്യ മന്ത്രി ബൽബീർ സിങ് സിദ്ദു പറഞ്ഞു. ഈ വർഷം സെപ്‌റ്റംബർ 30 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. കൊവിഡിന്‍റെ നിലവിലെ സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.
ആരോഗ്യ മേഖലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ നിലവിലെ പ്രവർത്തനം തുടരണമെന്നും അത്യാവശ്യ സാഹചര്യങ്ങളായ പ്രസവാവധി, ശിശു പരിപാലന അവധി എന്നിവ മാത്രമേ അനുവദിക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്‍റെ വിവിധ വിഭാഗങ്ങളിലും സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഈ ഉത്തരവ് ബാധകമാകുമെന്നും സിദ്ദു കൂട്ടിച്ചേർത്തു.