മുംബൈ: അവിവാഹിതയായ ഗര്‍ഭിണിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ബോംബെ ഹൈക്കോടതി. രത്‌നഗിരി ജില്ലയിലെ 23 കാരിയായ യുവതിയാണ് ഗര്‍ഭച്ഛിദ്രത്തിനായി കോടതിയെ സമീപിച്ചത്.യുവതി 23 ആഴ്ച ഗർഭിണിയായിരുന്നു. യുവതിയുടെ മാനസിക ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് ഗര്‍ഭച്ഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്.
20 ആഴ്‌ചക്ക് മുകളിലുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ആക്‌ട് (എംടിപി) അനുമതി നല്‍കുന്നില്ല. ജസ്റ്റിസ് എസ്.ജെ കത്വവാല,സുരേന്ദ്ര താവഡെ എന്നിവരാണ് കേസ് പരിഗണിച്ചത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ 20 ആഴ്‌ചക്ക് മുന്‍പ് ഡോക്‌ടറെ കാണാന്‍ യുവതിക്ക് സാധിച്ചിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വെള്ളിയാഴ്‌ചക്കുള്ളില്‍ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് കോടതി നിര്‍ദേശിച്ചു.
അവിവാഹിതയായ രക്ഷകര്‍ത്താവ് എന്ന നിലയില്‍ കുഞ്ഞിനെ വളര്‍ത്താന്‍ സാധിക്കില്ലെന്നും സമൂഹത്തില്‍ പ്രതിച്ഛായ നഷ്‌ടപ്പെടുന്നതിനാല്‍ ഭാവിയില്‍ വീണ്ടും വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു. അമ്മയാകാന്‍ മാനസികമായി തയ്യാറായിട്ടില്ലെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു. യുഎസ്‌ജി സ്‌കാനും അബോര്‍ഷനും ലോക്ക് ഡൗണ്‍ ആയതിനാല്‍ നടത്താന്‍ സാധിച്ചില്ലെന്നും യുവതി കോടതിയെ അറിയിച്ചു.
ഡോക്‌ടറുടെ നിര്‍ദേശപ്രകാരം 12 ആഴ്‌ച വരെയുള്ള ഗര്‍ഭച്ഛിദ്രം മാത്രമേ നടത്താന്‍ അനുമതിയുള്ളു. 12 മുതല്‍ 20 ആഴ്‌ച വരെയുള്ള ഗര്‍ഭച്ഛിദ്രത്തിന് രണ്ട് ഡോക്‌ടര്‍മാരുടെ അനുമതി വേണം. 20 ആഴ്‌ചക്കപ്പുറം ഗര്‍ഭാവസ്ഥ തുടരുന്നത് മാതാവിന്‍റെ ആരോഗ്യത്തിനും ജീവനും ഭീഷണിയാണെങ്കില്‍ മാത്രമാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കാറുള്ളു. ഈ കേസില്‍ പരാതിക്കാരിയുടെ ശാരീരിക ആരോഗ്യത്തിന് കുഴപ്പമില്ലെങ്കിലും മാനസികാരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.