ഹൈദരാബാദ്: തെലങ്കാനയിൽ പുതിയ സെക്രട്ടേറിയറ്റ് സമുച്ചയം നിര്‍മിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്ത പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. നിലവിലുള്ള സെക്രട്ടേറിയറ്റ് സമുച്ചയം പൊളിച്ച് പുതിയ സെക്രട്ടേറിയറ്റ് നിർമ്മിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തെ ചോദ്യചെയ്ത ഹർജിയാണ് തള്ളിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ ഘട്ടത്തിൽ പുതിയ സെക്രട്ടേറിയറ്റ് പണിയുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ഹർജിക്കാരൻ വാദിച്ചു. എന്നാൽ മന്ത്രിസഭയുടെ തീരുമാനത്തിൽ യുക്തിരഹിതമായ കുഴപ്പങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ഹര്‍ജി പരിഗണിച്ച ബെഞ്ച് നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് രാഘവേന്ദ്ര സിംഗ് ചൗഹാൻ, അഭിഷേക് റെഡ്ഡി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. നാല് ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ സെക്രട്ടേറിയറ്റിന് 400 കോടി രൂപയോളം ചെലവാകുമെന്ന് സംസ്ഥാന സർക്കാർ നേരത്തെ സൂചിപ്പിച്ചിരുന്നു. നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ച് പുതിയ സെക്രട്ടേറിയറ്റ് നിർമ്മിക്കുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികൾ നേരത്തെ പ്രതിഷേധിച്ചിരുന്നു. പഴയ ആന്ധ്രാപ്രദേശിന്‍റെ ഭാഗമായിരുന്ന കെട്ടിടമാണ് നിലവിലെ തെലങ്കാന സെക്രട്ടേറിയറ്റ്.