ന്യൂഡൽഹി: തലസ്ഥാനത്ത് കൊവിഡ് നിയന്ത്രണത്തിനായി സർക്കാർ കൈകൊണ്ട നടപടികൾ സ്റ്റാറ്റസ് റിപ്പോർട്ടായി സമർപ്പിക്കണമെന്ന് ഡൽഹി സർക്കാരിനോട് ഹൈക്കോടതി. രണ്ടാഴ്‌ചയായി ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനെ തുടർന്നാണ് നടപടി. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ സർക്കാർ നടപടിയെ ജസ്റ്റിസ് ഹിമാ കോഹ്‌ലി, സുബ്രമോണിയം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് നിശിതമായി വിമർശിച്ചു.
കൊവിഡ് പരിശോധനകൾ വർധിപ്പിച്ചെന്നും രോഗനിയന്ത്രണത്തിനുള്ള നടപടികൾ സ്വീകരിച്ചെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. എന്നാൽ കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് പകരം സർക്കാർ കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുകയായിരുന്നുവെന്ന് ബെഞ്ച് കുറ്റപ്പെടുത്തി. പൊതു ഗതാഗത മേഖലയിലും സർക്കാർ ഇളവുകൾ നടപ്പിൽ വരുത്തിയിരുന്നു.
ഉത്സവ സീസണുകളിൽ ആളുകൾ കൂടുതലായി പൊതുനിരത്തുകളിലെത്തിയതും രോഗവ്യാപനത്തിന് ഇടയാക്കി. ഈ സാഹചര്യങ്ങളിൽ സർക്കാർ കൈകൊണ്ട നടപടികൾ എന്തൊക്കെയാണെന്നും കോടതി ചോദിച്ചു. പരാതിക്കാരനായ രാഖേഷ് മൽഹോത്രയും വിർച്വൽ ഹിയറിങ്ങിൽ പങ്കെടുത്തു.