ന്യൂഡൽഹി: ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി രണ്ട് തവണ ബലാത്സംഗത്തിന് ഇരയായെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പെൺകുട്ടിയെ ആദ്യം ക്രൂര മൃഗങ്ങൾ ബലാത്സംഗം ചെയ്തുവെന്നും മരണത്തിന് ശേഷം നിയമ വ്യവസ്ഥ പെൺകുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്നും കെജിരിവാൾ ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയിൽ തന്നെ പൊലീസ് സംസ്കരിച്ചു എന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാൾ രംഗത്തെത്തിയത്.
കൂട്ടബലാത്സംഗത്തെത്തുടർന്ന് ഗുരുതരവസ്ഥയിൽ ആയ പെൺകുട്ടി രണ്ടാഴ്ച ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ചയാണ് 19 കാരിയായ ദലിത് യുവതി മരണത്തിന് കീഴടങ്ങിയത്. തുടർന്ന് ബുധനാഴ്ച രാവിലെയോടെ പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. എന്നാൽ കുടുംബത്തിന്‍റെ ആഗ്രഹപ്രകാരമാണ് സംസ്കാരം നടത്തിയതെന്ന് പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
19 കാരിയുടെ മരണം സമൂഹത്തിനും രാജ്യത്തിനും എല്ലാ സർക്കാരുകൾക്കും നാണക്കേടാണെന്നും കുറ്റവാളികൾക്ക് വധശിക്ഷ നൽകണമെന്നും കെജ്‌രിവാൾ നേരത്തെ പറഞ്ഞിരുന്നു.
സെപ്റ്റംബർ 14 നാണ് ഹത്രാസിലെ ഗ്രാമത്തിൽ വെച്ച് യുവതിയെ നാല് പുരുഷന്മാർ ബലാത്സംഗം ചെയ്തത്.