ചണ്ഡിഗഡ്: വിശാഖപട്ടണത്ത് എടിഎം തട്ടിപ്പ് നടത്തിയ കേസിലെ പ്രതികളെ ഹരിയാന പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവരില്‍ നിന്ന് 76,000 രൂപയും, 34 എടിഎം കാര്‍ഡുകളും, എടിഎം മെഷീനുകളുടെ കള്ള താക്കോലുകളും ഒരു ബൈക്കും പൊലീസ് പിടിച്ചെടുത്തു. അകിബ് ഖാൻ, മുബാറഖ് എന്നിവരാണ് പിടിയിലായത്.
വളരെ വിദഗ്‌ധമായാണ് ഇവര്‍ എടിഎം തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ജൂലൈയില്‍ വിശാഖപട്ടണത്തെത്തിയ ഇവര്‍ ഒരു ലോഡ്‌ജില്‍ മുറിയെടുത്തു. ശേഷം സെക്യൂരിറ്റി ജീവനക്കാരില്ലാത്ത എടിഎമ്മുകള്‍ കണ്ടുപിടിച്ചു. വാടകയ്‌ക്കെടുത്ത ബൈക്കിലായിരുന്നു യാത്ര. ജൂലൈ എഴ്, എട്ട്, 22 തിയതികളിലായാണ് ഇവര്‍ പണം തട്ടിയത്. സുഹൃത്തുക്കളുടെയും, ബന്ധുക്കളുടെയും എടിഎം കാര്‍ഡുകളാണ് ഇവര്‍ തട്ടിപ്പിനായി എടുത്തത്. കാര്‍ഡ് ഇട്ടതിന് ശേഷം വേണ്ട തുക അടിക്കുന്ന പ്രതികള്‍ പണം പുറത്തെത്തുന്ന ഉടനെ എടിഎം മെഷീൻ കള്ള താക്കോലിട്ട് തുറന്ന് അകത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കും. തുടര്‍ന്ന് പണം ബലം പ്രയോഗിച്ച് പുറത്തെടുക്കും. വൈദ്യുതി ഇല്ലാതാകുന്നതോടെ പുറത്തേക്കെത്തിയ പണം ഉപഭോക്‌താവ് ശേഖരിച്ച വിഷയം മെഷീനില്‍ രേഖപ്പെടുത്തുകയില്ല. ഇതോടെ മൂന്ന് ദിവസത്തിന് ശേഷം എടുത്ത പണം വീണ്ടും അക്കൗണ്ടില്‍ ക്രഡിറ്റ് ആകും. ഇത്തരത്തിലാണ് തട്ടിപ്പ് നടന്നത്. എടിഎം സെന്‍ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്‌റ്റ് ചെയ്‌ത പ്രതികളെ റിമാന്‍ഡ് ചെയ്‌തു.