ചണ്ഡിഗഢ്: സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഹരിയാനയിലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കാനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കം. പ്രവര്‍ത്തകര്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാനുള്ള അപേക്ഷയില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കില്ലെന്നും ഖാദി വസ്ത്രങ്ങള്‍ ഉപയോഗിക്കുമെന്നും പൂരിപ്പിച്ച് നല്‍കണം.
ഹരിയാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ചീഫ് സെല്‍ജയാണ് പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പ്രവര്‍ത്തകരെ കൂടാതെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവരും നിയമങ്ങള്‍ പാലിക്കണം. ഇക്കാര്യങ്ങള്‍ കാണിച്ചുള്ള സത്യ പ്രസ്താവനയുടെ രൂപരേഖയും അപേക്ഷയോടൊപ്പം നല്‍കും. ഇവ ഒപ്പിട്ട് നല്‍കുന്നവര്‍ക്ക് മാത്രമാകും അംഗത്വം നല്‍കുകയെന്നും നേതൃത്വം അറിയിച്ചു. അതേ സമയം അംഗത്വ ഫോമില്‍ ജാതിയും മതവും രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് കാണിക്കുന്ന പ്രസ്താവനയും അപേക്ഷാ ഫോറത്തോടൊപ്പം നല്‍കണം. ഇത്തരം മാര്‍ഗങ്ങള്‍ വഴി പാര്‍ട്ടിയെ കൂടുതല്‍ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യമാണ് പാര്‍ട്ടി നിര്‍ദേശിക്കുന്നത്.