ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ യോഗ്യതയില്ലാത്ത സ്ഥാനാര്‍ഥികൾക്ക് സീറ്റ് നല്‍കുന്നതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കൾ. ഹരിയാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എച്ച്.പി.സി.സി) മുൻ പ്രസിഡന്‍റ് അശോക് തൻവറിന്‍റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി കഷ്‌ടപ്പെട്ട് പ്രവര്‍ത്തിച്ചവരെ അവഗണിക്കുകയാണെന്നും എയര്‍ കണ്ടീഷന്‍ ചെയ്‌ത മുറിക്കുള്ളില്‍ സുഖമായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് സീറ്റ് നല്‍കുന്നതെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിയുടെ നിർദേശങ്ങൾ ലംഘിച്ച് പാർട്ടിയുടെ വോട്ട് ചോര്‍ത്തിയവര്‍ക്കും ഇത്തവണ സീറ്റ് നല്‍കുകയാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. പാര്‍ട്ടിയിലെ നേതാക്കളായ ഗുലാം നബി ആസാദിനെതിരെയും ഭൂപീന്ദര്‍ സിങ് ഹൂഡക്കെതിരെയും പരാതികൾ ഉയര്‍ന്നു. ഒക്‌ടോബര്‍ 21 നാണ് ഹരിയാനയില്‍ വോട്ടെടുപ്പ്. ഒക്ടോബർ 24 ന് ഫലം പ്രഖ്യാപിക്കും.