ഡൽഹി: കൊവിഡ് 19 വൈറസിനെതിരെ ജാഗ്രത തുടരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. രാജ്യത്ത് പുതിയ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ജാഗ്രത തുടരണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തത്സമയ നിരീക്ഷണത്തിനായുള്ള പ്രത്യേക വെബ് പോര്‍ട്ടലില്‍ കൃത്യമായി വിവരങ്ങള്‍ ഉള്‍പ്പെടുത്തണം. കേന്ദ്ര തലത്തില്‍ നിരവധി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വൈറസ് ബാധ തടയുന്നതിനായി ജനങ്ങളില്‍ അവബോധം വളര്‍ത്തണമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അതേസമയം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്രം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസ്കുകൾ, കയ്യുറകൾ എന്നിവയുടെ മതിയായ ശേഖരം ഉണ്ട്. 21 വിമാനത്താവളങ്ങളിലും 65 തുറമുഖങ്ങളിലും അതിർത്തി കടന്നുള്ള സ്ഥലങ്ങളിലും യാത്രക്കാരെ പരിശോധിക്കുന്നുണ്ട്. 3,835 വിമാനങ്ങളിൽ നിന്നുള്ള 3,97,148 യാത്രക്കാരെയാണ് ഇതുവരെ പരിശോധിച്ചത്. 21,805 പേർ നിലവിൽ കമ്മ്യൂണിറ്റി നിരീക്ഷണത്തിലാണ്.