കഴിഞ്ഞ അഞ്ച് വര്‍ഷവും ഭരണനേട്ടങ്ങള്‍ ഒന്നും ഇല്ലാത്തതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പട്ടാളക്കാരെ ഉപയോഗിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേല്‍. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരന്തരമായി വിദേശ യാത്രകള്‍ മാത്രമാണ് ഭരണകാലയളവില്‍ മോദി ചെയ്തിട്ടുള്ളത്. ഭരണ നേട്ടങ്ങള്‍ ഒന്നും തന്നെ എടുത്തുപറയാനായി അദ്ദേഹത്തിനില്ല. അതിനാലാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പട്ടാളക്കാരെ ചൂണ്ടിക്കാണിച്ച് മോദി വോട്ട് അഭ്യര്‍ഥിക്കുന്നത്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നേട്ടത്തിനായി പട്ടാളക്കാരെ ഉപയോഗിക്കുന്നു എന്നും ഹാര്‍ദിക്ക് കുറ്റപ്പെടുത്തി.
ഉത്തര്‍ പ്രദേശിലെ മഹാരാജ്ഗഞ്ചിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായുള്ള പ്രചരണത്തിനിടെയാണ് ഹാര്‍ദിക്ക് മോദിക്കെതിരെ തുറന്നടിച്ചത്. മോദിക്ക് പുറമെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയും ഹാര്‍ദിക്ക് വിമര്‍ശനം ഉന്നയിച്ചു. കര്‍ഷകര്‍ക്ക് ദ്രോഹ നടപടികളാണ് സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കുന്നതെന്നും പട്ടേല്‍ കുറ്റപ്പെടുത്തി