റായ്‌പൂര്‍: ചത്തീസ്‌ഗഢില്‍ ദണ്ഡവാഡ ജില്ലയില്‍ നക്‌സല്‍ കമാന്‍ഡര്‍ പൊലീസില്‍ കീഴടങ്ങി. മംഗളീര്‍ പ്രദേശത്തെ സിഎന്‍എം മിലിറ്ററി പ്ലാറ്റൂണിന്‍റെ കമാന്‍ഡറായിരുന്ന തതി ലഖ്‌മ എന്ന നക്‌സലാണ് കീഴടങ്ങിയത്. ഇയാളുടെ തലയ്‌ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന നക്‌സല്‍ ആക്രമണത്തിലെ പ്രധാനിയായിരുന്നു ഇയാള്‍. അന്ന് നടന്ന ആക്രമണത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ദൂരദര്‍ശന്‍റെ ക്യാമറാമാനും കൊല്ലപ്പെട്ടിരുന്നു.
മാവോയിസ്റ്റ് പ്രത്യയശാസ്‌ത്രത്തിലുള്ള നിരാശയും മുതിർന്ന നക്സൽ നേതാക്കൾ താഴ്ന്ന റാങ്കിലുള്ള കേഡർമാരെ ചൂഷണം ചെയ്യുന്നതുമാണ് ഇയാളെ കീഴടങ്ങാന്‍ പ്രേരിപ്പച്ചതെന്ന് പൊലീസ് പറയുന്നു. 2008ലാണ് ചേതന നാട്യ മണ്ഡില്‍ തതി ലഖ്‌മ ചേര്‍ന്നത്. സുരക്ഷാ സേനക്കെതിരെ മാവോയിസ്റ്റുകള്‍ നടത്തിയ നിരവധി ആക്രമണങ്ങളില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ട്.