ഗുവാഹത്തി: രാജ്യത്തുടനീളമുള്ള സ്ത്രീകൾക്കെതിരായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അസമിലെ പെൺകുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഗുവാഹത്തി പാണ്ഡു പ്രദേശത്തെ ന്യൂ കോളനി നിവാസിയായ 15കാരി മിനാക്ഷി സിങ്ക നവംബർ 18നാണ് പ്രധാനമന്ത്രിക്ക് കത്ത് അയച്ചത്. രാജ്യത്തൊട്ടാകെയുള്ള സ്കൂളുകളിൽ പെൺകുട്ടികൾക്ക് സൗജന്യ സ്വയം പ്രതിരോധ പരിശീലനം നൽകണമെന്ന് പെൺകുട്ടി കത്തിൽ അഭ്യർഥിച്ചു.
"സാർ ഞാൻ കുറച്ചുകാലമായി ചിന്തിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് ഇന്ന് നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വർധിച്ചുവരുന്ന ഒരു സമയത്ത്, രാജ്യത്തുടനീളമുള്ള സ്കൂൾ പാഠ്യപദ്ധതിയിൽ പെൺകുട്ടികൾക്ക് സൗജന്യ സ്വയം പ്രതിരോധ പരിശീലനം ഉൾപ്പെടുത്താൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. അത് അവരിൽ ആത്മവിശ്വാസം വളർത്തുകയും ആവശ്യമുള്ള സമയത്ത് അവരെ സംരക്ഷിക്കുകയും ചെയ്യും, " -മിനാക്ഷി കത്തിൽ എഴുതി.
വുഷു അത്ലറ്റിക് ആയ പെൺകുട്ടി മാസ്റ്റർ സിജു ഗോപി സിംഗ് ലാമയുടെ മാർഗനിർദേശപ്രകാരം പ്രദേശത്ത് എല്ലാ ഞായറാഴ്ചയും പെൺകുട്ടികൾക്ക് സൗജന്യ സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. ഡോ. മോണോജിത് സിങ്കയുടെ മകളായ മിനാക്ഷി പ്രധാനമന്ത്രിയോട് കത്തിന് മറുപടി നൽകണമെന്ന് അഭ്യർഥിച്ചു.