ഗുരുഗ്രാമിലെ മുസ്ലിംകുടുംബത്തിന് നേരെയുണ്ടായആള്‍ക്കൂട്ട ആക്രമണത്തില്‍ബിജെപിയെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നകുടുംബത്തോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ അതിക്രൂരമായ ആക്രമണം നടത്തുകയായിരുന്നു.
രാജ്യത്തെ എല്ലാ ഇന്ത്യക്കാരും ദേശസ്നേഹികളും ഗുരുഗ്രാമിലുണ്ടായ സംഭവത്തിൽ ഖേദിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മതഭ്രാന്തിനും അധികാരത്തിനും വേണ്ടി ഒരു കുടുംബത്തെ മുഴുവന്‍ തല്ലിച്ചതയ്ക്കുകയാണ് ആര്‍എസ്എസും ബിജെപിയുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇരുമ്പ് ദണ്ഡുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് ഒരു സംഘം ആളുകള്‍ കുടുംബത്തെ മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പുരുഷന്മാരെ ആക്രമിക്കുകയും ഇത് കണ്ട് സ്ത്രീകള്‍ ഉപദ്രവിക്കരുതെന്ന് യാചിക്കുന്നതും വീഡിയോയിലുണ്ട്.
40 പേരടങ്ങുന്ന സംഘമാണ് കുടുംബത്തിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ക്രിക്കറ്റ് കളിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്ന് കുടുംബം പൊലീസിന് മൊഴിനൽകി. സംഭവത്തെ തുടര്‍ന്ന് പൊലീസ്ആറ് പേരെ അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇവരുടെ പേരില്‍ ചുമത്തിയിട്ടുണ്ട്.
ഗുരുഗ്രാമിലെ ബുപ്സിങ് നഗറില്‍ ഇരകളുടെ വീടിന് മുന്നില്‍ ക്രിക്കറ്റ് കളിക്കരുതെന്ന് പറഞ്ഞായിരുന്നു മദ്യപിച്ചെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്.എന്നാല്‍ ക്രിക്കറ്റ് കളി തുടര്‍ന്ന ഇവരെ 40 പേരടങ്ങുന്ന സംഘമെത്തി അക്രമിക്കുകയായിരുന്നു. ഇതോടെ ഇരകള്‍ വീട്ടിലേക്ക് ഓടിക്കയറുകയും പിന്നാലെയെത്തിയ സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയുമായിരുന്നു. വീട്ടിലെത്താന്‍ കഴിയാത്തവര്‍ വീടിന് നേരെ കല്ലെറിഞ്ഞെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആക്രമണം നടന്ന് 40 മിനിറ്റ് കഴിഞ്ഞാണ് പൊലീസെത്തിയതെന്നും അപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടെന്നും ആരോപണമുണ്ട്. അക്രമികള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തെന്ന് പൊലീസ് അറിയിച്ചു.