ചണ്ഡിഗഡ്: ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിൽ നിന്നുള്ള ഇരുപത്തിയൊൻപതുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗുഡ്ഗാവ് ആസ്ഥാനമായുള്ള കമ്പനിയിലെ ജോലിക്കാരിയായ യുവതി അടുത്തിടെ മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും പോയിരുന്നു. ഹരിയാനയിലെ ആദ്യത്തെ പോസിറ്റീവ് കേസാണിതെന്ന് സംസ്ഥാന ആരോഗ്യ ഡയറക്ടർ ജനറൽ സൂരജ് ഭാൻ കമ്പോജ് പറഞ്ഞു. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 66 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്. കൊവിഡ് ബാധിത രാജ്യങ്ങളിൽ നിന്നുള്ള 2957 പേരെ ഹോം ഇൻസുലേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 31 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും കോളജുകളും യൂണിവേഴ്സിറ്റികളും അടച്ചിടാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി സിനിമാ ഹാളുകൾ, ജിമ്മുകൾ, ക്ലബ്ബുകൾ, നൈറ്റ് ക്ലബ്ബുകൾ, തുടങ്ങിയവയും അടച്ചിടും.