ഗാന്ധിനഗർ: ഒരു ദശാബ്‌ദത്തോളമായി പൂട്ടിയിട്ടിരുന്ന മുറിയിൽ നിന്ന് സഹോദരങ്ങളെ രക്ഷപ്പെടുത്തിയതായി എൻജിഒ ഉദ്യോഗസ്ഥർ. ഗുജറാത്തിലെ രാജ്കോട്ടിൽ നിന്നാണ് 30നും 42നും ഇടയിൽ പ്രായമുള്ള മൂന്ന് സഹോദരങ്ങളെ രക്ഷപ്പെടുത്തിയത്. സാത്തി സേവ ഗ്രൂപ്പ് എന്ന എൻജിഒ ആണ് ഇവരെ രക്ഷിച്ചത്.
ഉദ്യോഗസ്ഥർ മുറിയിൽ പരിശോധന നടത്തിയതിൽ നിന്ന് മുറിയിലേക്ക് സൂര്യപ്രകാശം കടന്നുവരാനുള്ള ഒരു മാർഗവും ഇല്ലെന്ന് കണ്ടെത്തി. മുറിയിൽ നിന്ന് പഴകിയ ഭക്ഷണം കണ്ടെത്തിയെന്നും ദുർഗന്ധത്തിലായിരുന്നു ഇവർ ജീവിച്ചിരുന്നതെന്നും സാത്തി സേവാ ഗ്രൂപ്പിലെ ജൽപ പട്ടേൽ പറഞ്ഞു. സഹോദരങ്ങളായ അമ്രിഷ്, ഭാവേഷ്, സഹോദരി മേഘ്‌ന എന്നീ സഹോദരങ്ങൾ ഒരു പതിറ്റാണ്ടിലേറെയായി ഒരു മുറിയിൽ അടച്ചിരിക്കുകയായിരുന്നു എന്നാണ് ഇവരുടെ പിതാവ് പറയുന്നത്. ഏകദേശം 10 വർഷം മുമ്പ് ഇവരുടെ അമ്മ മരിച്ചതു മുതൽ മക്കൾ ഇത്തരത്തിലുള്ള അവസ്ഥയിലാണെന്നും മൂവരുടെയും പിതാവ് വ്യക്തമാക്കി. മുറിയിൽ നിന്ന് പുറത്തെത്തിച്ച് മൂവരെയും എൻജിഒ അധികൃതർ കുളിപ്പിച്ച് വൃത്തിയാക്കി. മൂവർക്കും ചികിത്സ അത്യാവശ്യമാണെന്നും അധികൃതർ പറഞ്ഞു.
മൂന്ന് സഹോദരങ്ങളും വിദ്യാഭ്യാസമുള്ളവരാണെന്ന് വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ അവരുടെ പിതാവ് പറഞ്ഞു. മൂത്തമകൻ അമ്രിഷ് (42) അഭിഭാഷകനായിരുന്നെന്നും ഇളയ മകൾ മേഘ്‌ന (39) സൈക്കോളജിയിൽ എംഎ ബിരുദധാരിയാണെന്നും ഇളയ മകൻ ഭാവേഷ് സാമ്പത്തിക ശാസ്ത്രത്തിൽ ബിഎ ബിരുദം നേടിയ ആളും മികച്ച ക്രിക്കറ്റ് കളിക്കാരനുമായിരുന്നു എന്നും പിതാവ് കൂട്ടിചേർത്തു. ഇതുവരെ പൊലീസിൽ പരാതികളൊന്നും നൽകിയിട്ടില്ല.