അഹമ്മദാബാദ് : ഗുജറാത്തിൽ മാസ്ക് ധരിക്കാത്തതിന് മന്ത്രി ഈശ്വർസിങ് പട്ടേലിന് 200 രൂപ പിഴ. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ഗാന്ധിനഗറിലെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പ്രവേശിച്ച സമയത്ത് മുഖംമൂടി ധരിക്കാത്തതിനാണ് മന്ത്രിക്ക് പിഴ ലഭിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മുഖംമൂടിയില്ലാതെ മന്ത്രി പ്രവേശിക്കുന്നത് പ്രാദേശിക വാർത്താ ചാനലുകൾ സംപ്രേഷണം ചെയ്തിരുന്നു. എന്നാൽ മന്ത്രിസഭായോഗത്തിനായി എത്തിയ മറ്റെല്ലാ മന്ത്രിമാരും മുഖംമൂടി ധരിച്ചിരുന്നു. സഹകരണ വകുപ്പിനൊപ്പം സ്പോർട്സ്, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയുടെ സ്വതന്ത്ര ചുമതലയുള്ള പട്ടേൽ മുഖം മൂടി ധരിക്കാത്തത് വാർത്താ ചാനലുകൾ ചൂണ്ടിക്കാണിച്ചതോടെ ഗാന്ധിനഗർ മുനിസിപ്പൽ കോർപ്പറേഷൻ 200 രൂപ പിഴ ചുമത്തുകയായിരുന്നു. മന്ത്രിസഭാ യോഗത്തിന് ശേഷം പട്ടേൽ പിഴ അടയ്ക്കുകയും രസീത് മാധ്യമപ്രവർത്തകരെ കാണിക്കുകയും ചെയ്തു.
സംസ്ഥാനത്ത് ഇതുവരെ 1,534 പേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്ത് വീടിന് പുറത്ത് മാസ്ക് ധരിക്കുന്നത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.