ഗാന്ധിനഗര്‍: രാജ്യവ്യാപകമായി മോട്ടോര്‍വാഹന നിയമങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ ഹെല്‍മറ്റ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി ഗുജറാത്ത് സര്‍ക്കാര്‍. മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍-മുന്‍സിപ്പാലിറ്റി പരിധിക്കുള്ളിലാണ് ഹെല്‍മറ്റിന് ഇളവ് പ്രഖ്യാപിച്ചത്. എന്നാല്‍ നഗര പരിധിക്ക് പുറത്തും ദേശീയ-സംസ്ഥാന പാതകളിലും ഒരു ഹെല്‍മറ്റ് നിര്‍ബന്ധമാണ്. പുതിയ നിയമം ഇന്ന് പ്രാബല്യത്തില്‍ വന്നു.
റോഡ് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതില്‍ നിന്ന് രക്ഷ നേടാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിനെതിരെ ജനങ്ങളില്‍ നിന്ന് ഉയര്‍ന്ന വ്യാപക പരാതികളാണ് മാറി ചിന്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് മന്ത്രി ആര്‍.സി ഫാല്‍ഡു വ്യക്തമാക്കി. നഗരത്തിനുള്ളില്‍ സഞ്ചരിക്കുന്നവര്‍ ചെറിയ ദൂരത്തിന് വേണ്ടി ഹെല്‍മെറ്റ് വെക്കേണ്ടതില്ല. പച്ചക്കറി വാങ്ങാന്‍ പോകുന്നവര്‍ ഹെല്‍മറ്റ് എവിടെ സൂക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു.
ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് തന്നെ കേന്ദ്ര നിയമം പരസ്യമായി ലംഘിക്കാന്‍ ഉത്തരവിട്ടതാണ് ശ്രദ്ധേയം. നേരത്തെ കേന്ദ്രം നിശ്ചയിച്ച മോട്ടോര്‍ വാഹന പിഴ വെട്ടിക്കുറച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.