ഗാന്ധിനഗർ: ജാംനഗർ ജില്ലയിലെ സർക്കാർ ആശുപത്രി തകർത്ത സംഭവത്തിൽ ബിജെപി എംഎൽഎ രാഘവ്ജി പട്ടേലിനും മറ്റ് നാല് പേർക്കും ആറ് മാസം തടവ് ശിക്ഷ വിധിച്ചു. ധ്രോളിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് എച്ച്ജെ സാലയാണ് ശിക്ഷ വിധിച്ചത്. പൊതു സ്വത്ത് നശിപ്പിക്കൽ, സർക്കാർ ജീവനക്കാർക്ക് നേരെ ആക്രമണം എന്നിവയാണ് ഇവർക്കെതിരെയുള്ള കേസുകൾ. ശിക്ഷയ്ക്ക് പുറമെ 10,000 രൂപ പിഴയും കോടതി ചുമത്തി.
2007 ഓഗസ്റ്റിൽ പട്ടേൽ കോൺഗ്രസ് എംഎൽഎ ആയിരുന്ന സമയത്താണ് സംഭവം. മെമ്മോറാണ്ടം സമർപ്പിക്കാനായി എത്തിയ അദ്ദേഹവും അനുയായികളും ഡോക്ടറുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറുകയും നിരവധി നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നതിന് ശേഷം പട്ടേലിനെതിരായ കേസ് പിൻവലിക്കണമെന്ന സർക്കാരിന്‍റെ അപേക്ഷ കോടതി നേരത്തെ നിരസിച്ചിരുന്നു.
തെളിവുകളുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിൽ രാഘവ്ജി പട്ടേൽ, നരേന്ദ്രസിങ് ജഡേജ, ജിതു ശ്രീമലി, ജയേഷ് ഭട്ട്, കരൺസിങ് ജഡേജ എന്നിവരെ കോടതി ശിക്ഷിച്ചു. സബ്ബീർ ചൗദ, പച്ച വരു, ലഗ്ദിർസിങ് ജഡേജ എന്നീ മൂന്ന് പേരെ കുറ്റവിമുക്തരാക്കി.