അഹമ്മദാബാദ്: ഗുജറാത്തില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് നടത്തിയ തെരച്ചിലില്‍ 54 തോക്കുകളും 44 വെടിയുണ്ടകളും പിടിച്ചെടുത്തു. ഒന്‍പത് പേരെ സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തു. 80 ലക്ഷം രൂപ വിലമതിക്കുന്ന ആയുധങ്ങളാണ് പിടിച്ചെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് മോര്‍ബി സ്വദേശി മുസ്‌താഖ് ബലോച്, ബവ്‌ല സ്വദേശി വഹിദ്‌ഖാന്‍ പതാന്‍ എന്നിവരെ ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരില്‍ നിന്ന് അനധികൃതമായി കൈവശം വെച്ച തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി. ഇവരെ ചോദ്യം ചെയ്‌തതോടെ അഹമ്മദാബാദില്‍ നിന്നുള്ള ഗണ്‍ ഡീലറില്‍ നിന്നാണ് ആയുധങ്ങള്‍ ലഭിച്ചതെന്ന് എടിഎസ് സ്‌ക്വാഡിന് വ്യക്തമായി. തുടര്‍ന്ന് ഗണ്‍ ഡീലര്‍ തരുണ്‍ ഗുപ്‌തയെ അറസ്റ്റ് ചെയ്‌തു. ഇയാളില്‍ നിന്നുമാണ് ആയുധങ്ങള്‍ കൈവശം വെച്ച ശേഷിക്കുന്നവരെ പൊലീസ് പിടികൂടിയത്.
കച്ച്, അമേലി, വാന്‍കനേര്‍, വിര്‍പൂര്‍, അഹമ്മദാബാദ്, ജംനഗര്‍ എന്നിവിടങ്ങളില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ അറസ്റ്റിലായത്. പിടിച്ചെടുത്ത ആയുധങ്ങളില്‍ 15എണ്ണം വിദേശനിര്‍മിതവും 38 എണ്ണം ഇന്ത്യന്‍ നിര്‍മിതവുമാണ്. മൗസര്‍ പിസ്റ്റളുകളും 35 പോക്കറ്റ് പിസ്റ്റളുകളും 9എംഎം കോള്‍ട്ട് പിസ്റ്റളുകളും മാര്‍ക്ക് നാല് റിവോള്‍വറുകളും, സിംഗിള്‍ ബാരല്‍ ഗണ്ണുകളും പിടിച്ചെടുത്ത ആയുധങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.