ന്യൂഡൽഹി: കൊവിഡ് രോഗവ്യാപനത്തിനിടെ ജിഎസ്‌ടി കൗൺസിൽ യോഗം ജൂൺ 14ന് വീഡിയോ കോൺഫറൻസിലൂടെ നടക്കും. കൊവിഡിനെ തുടർന്ന് മാർച്ച് 25 മുതൽ പ്രഖ്യാപിച്ച ലോക്ക് ഡൗൺ, നികുതി പിരിവ് പ്രതിസന്ധിയിലാക്കിയിരുന്നു.
കൊവിഡ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിലുണ്ടാക്കിയ പരിണിത ഫലങ്ങളെ കുറിച്ച് മാർച്ചിൽ നടന്ന 39മത് ജിഎസ്‌ടി കൗൺസിൽ യോഗം ചർച്ച ചെയ്തിരുന്നു. അതേസമയം ലോക്ക് ഡൗൺ കാരണം നികുതി വരുമാനം കുറഞ്ഞെങ്കിലും അവശ്യേതര വസ്തുക്കളുടെ ജിഎസ്‌ടി നിരക്ക് വർധിപ്പിക്കുന്നതിനോട് ധനമന്ത്രാലയം അനുകൂലമല്ല.
അവശ്യേതര വസ്തുക്കളുടെ ജിഎസ്‌ടി നിരക്ക് വർധന ഡിമാൻഡ് കുറയ്ക്കുകയും സാമ്പത്തിക വീണ്ടെടുക്കലിന് തടസമാവുകയും ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം എല്ലാ മേഖലകളിലും ഡിമാൻഡ് വർധിപ്പിക്കുകയും സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. എന്തായാലും നാൽപതാമത് ജിഎസ്ടി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ദുരന്ത സെസ് ഏർപ്പെടുത്താനുള്ള നിർദേശങ്ങളും പ്രതികൂലമായി ബാധിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.